ഭാഗ്യം തേടിയെത്തും, അനുകൂല തരംഗം നിറയും; കാറ്റാടിമണികൾ ഈ ദിശയിൽ സ്ഥാപിച്ചാൽ

0

ഭവനങ്ങളിൽ ചെറുകാറ്റിൽ മണിനാദം പൊഴിച്ചുകൊണ്ടു തൂങ്ങിയാടുന്ന കാറ്റാടി മണികൾ കാഴ്ചയ്ക്കു മനോഹരമാണെന്നതിനൊപ്പം തന്നെ, അനുകൂലമായ അന്തരീക്ഷവും സന്തോഷവും നിറയ്ക്കുന്ന ഒന്നാണ്. സാധാരണയായി ഇവ നിർമിക്കുന്നത് പൊള്ളയായ സ്റ്റീൽ, മരം, നീളമുള്ള ചെമ്പ് ദണ്ഡുകൾ എന്നിവ കൊണ്ടാണ്. കാറ്റാടി മണികൾ അഥവാ വിൻഡ് ചൈമിൽ നിന്നും പ്രവഹിക്കുന്ന അനുകൂലമായ ഊർജത്തെ ചി എന്നാണ് ഫെങ്ഷുയി വിളിക്കുന്നത്. ഈ ഊർജത്തിനു ഒരു വ്യക്തിയുടെ ആരോഗ്യം, സന്തോഷം, സൗഭാഗ്യം എന്നിവയെയെല്ലാം സ്വാധീനിക്കാൻ കഴിയുമെന്നാണ് വിശ്വാസം.

ഊർജ്ജപ്രവാഹ പാതയിലെ തടസങ്ങൾ നീക്കി, ഭാഗ്യത്തെ ത്വരിതപെടുത്താൻ വിൻഡ് ചൈമിലെ നാദങ്ങൾക്കു കഴിയും. വിൻഡ് ചൈമുകൾ ഭവനങ്ങളിലും തൊഴിലിടങ്ങളിലും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. ഏതു ദിശയിൽ ഇവയിടണം, ഏതു ലോഹത്തിൽ നിർമിച്ചതായിരിക്കണം, ഇവ എപ്രകാരം ഉപയോഗിച്ചാൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കും തുടങ്ങിയവ അവയിൽ ചിലതാണ്.  ലോഹത്തിൽ നിർമിച്ചിരിക്കുന്ന വിൻഡ് ചൈമുകൾ വടക്കു പടിഞ്ഞാറ് ഭാഗങ്ങളിൽ ഇടുന്നതാണ് ഉത്തമം.

ഈ ദിശയിൽ സ്ഥാപിക്കുന്നതിലൂടെ ഗൃഹനാഥന് തൊഴിലിൽ അഭിവൃദ്ധിയും സാമ്പത്തിക നേട്ടവുമുണ്ടാകുമെന്നാണ്  വിശ്വാസം. കിഴക്ക്, തെക്കു കിഴക്കൻ ഭാഗങ്ങളിലാണ് മരത്തിൽ നിർമിച്ചിരിക്കുന്ന വിൻഡ് ചൈമുകൾ ഇടേണ്ടത്. ലോഹത്തിൽ നിർമിച്ചിട്ടുള്ള വിൻഡ് ചൈമുകൾ തെക്കുകിഴക്ക് ഭാഗങ്ങളിൽ ഇടുന്നതും അനുചിതമാണ്.  കാഴ്ച്ചയിൽ അതിമനോഹരമാണ് മണ്ണിൽ പണിതീർത്തിരിക്കുന്ന വിൻഡ് ചൈമുകൾ. തെക്കുപടിഞ്ഞാറ് ഭാഗങ്ങളും വടക്കുകിഴക്കൻ ഭാഗങ്ങളും ഇവ തൂക്കിയിടുന്നതിനു തെരെഞ്ഞെടുക്കാവുന്നതാണ്.

വിൻഡ് ചൈമുകൾ വാങ്ങുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാതിനിമ്പമേറുന്ന നാദം തന്നെയാണോ ഇവ പൊഴിക്കുന്നത് എന്നതിനായിരിക്കണം പ്രഥമ പരിഗണന. കേൾവിക്ക് അലോസരമുണ്ടാക്കുന്നുണ്ടെങ്കിൽ ഉടനടി തന്നെ ഒഴിവാക്കേണ്ടതാണ്. ലോഹത്തിൽ നിർമിച്ചിട്ടുള്ള വിൻഡ് ചൈമുകളുടെ നാദം ശ്രവിക്കാൻ സുഖകരമാണെന്നതിനൊപ്പം തന്നെ ഇവ അനുകൂലോർജ്ജത്തിന്റെ ഒഴുക്കിനെ ത്വരിതപ്പെടുത്തുന്നവ കൂടിയാണ്.  വിൻഡ് ചൈമുകളിലെ ദണ്ഡുകളുടെ എണ്ണം 6, 7, 8, 9 എന്നിങ്ങനെയാകുന്നതാണ് എല്ലായ്‌പ്പോഴും ഉത്തമം.

നിർഭാഗ്യത്തെ തുടച്ചുമാറ്റി സൗഭാഗ്യം പ്രദാനം ചെയ്യാൻ 68 ദണ്ഡുകൾ ഉള്ള വിൻഡ് ചൈമുകൾക്കു കഴിയുമെന്നാണ് പറയപ്പെടുന്നത്. രോഗദുരിതം അകറ്റാൻ അഞ്ചു ദണ്ഡുകളുള്ളവയാണ് ഉപയോഗിക്കേണ്ടത്.  വിൻഡ് ചൈമുകൾ വാങ്ങുമ്പോൾ അവയുടെ വലുപ്പവും ശ്രദ്ധിക്കേണ്ടതാണ്. അകത്തളങ്ങളിൽ വളരെ വലുപ്പമേറിയ വിൻഡ് ചൈമുകൾ തൂക്കിയിടുന്നത് അഭംഗിയാണ്. അതുപോലെ തന്നെ വലിയമുറികളിലും ഗൃഹത്തിനുപുറത്തുമൊക്കെ തീരെ ചെറിയ വിൻഡ് ചൈമുകൾ ഉപയോഗിക്കരുത്.

ഭവനത്തിന്റെ മുൻവാതിലിനു മുമ്പിലായാണ് പലരും വിൻഡ് ചൈമുകൾ ഇടാറുള്ളത്. അതിഥികൾ വരുമ്പോൾ സ്വാഭാവികമായും ഈ മണികൾ മുഴക്കുകയും നാദം പുറത്തേയ്ക്കു വരുകയും ചെയ്യും. ഇപ്രകാരം നാദം മുഴക്കി കയറിവരുന്ന അതിഥികൾ ശുഭകരമായ കാര്യങ്ങളുടെ വക്താക്കളായിരിക്കുമെന്നാണ് വിശ്വാസം.  നാദത്തിനു മാത്രമായല്ല വിൻഡ് ചൈമുകൾ ഉപയോഗിക്കുന്നത്. ഇവയ്ക്ക് വ്യത്യസ്തയിടങ്ങളിൽ നിന്നും പുറത്തേക്കുവരുന്ന പ്രതികൂലോർജത്തിൽ നിന്നും ഭവനത്തെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാനും പവിത്രീകരിക്കാനും കഴിയുമെന്നാണ് പറയപ്പെടുന്നത്.

പ്രശസ്തിയും അംഗീകാരവും ആഗ്രഹിക്കുന്നവരാണെങ്കിൽ ഭവനത്തിന്റെയോ ഓഫീസിന്റെയോ തെക്കുഭാഗത്തായാണ് വിൻഡ് ചൈം തൂക്കിയിടേണ്ടത്. ഇപ്രകാരം ചെയ്യുന്നത് ഗൃഹത്തിലും ഓഫീസിലും അനുകൂലമായ അന്തരീക്ഷവും സമാധാനവും നിലനിൽക്കുന്നതിനും സഹായകരമാണ്. ഫെങ്‌ഷുയി പ്രകാരം ഒമ്പത് എന്ന അക്കം ബന്ധപ്പെട്ടിരിക്കുന്നത് തെക്കുഭാഗവുമായാണ്. അതുകൊണ്ടുതന്നെ ഒമ്പതു ദണ്ഡുകളുള്ള, മരത്തിൽ നിർമിച്ചിരിക്കുന്ന വിൻഡ് ചൈം തൂക്കിയിടാനായി തെരഞ്ഞെടുക്കേണ്ടത് തെക്കു ഭാഗമാണെന്ന കാര്യത്തിൽ രണ്ടാമതൊരു ആലോചനയുടെ ആവശ്യമില്ല.

വടക്കു ഭാഗത്തേക്കു പൂമുഖമായുള്ള ഭവനമോ മുറിയോ ആണെങ്കിൽ അവിടെ 6, 7, 8, 9 ദണ്ഡുകളുള്ള, ലോഹത്തിൽ നിർമിച്ചിരിക്കുന്ന വിൻഡ് ചൈമുകൾ, വടക്കുഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ വടക്കു പടിഞ്ഞാറ് ഭാഗത്തോ ആയി തൂക്കിയിടാം. അപ്രകാരം ചെയ്യുന്നത് ഗൃഹത്തിൽ സന്തോഷം നിറഞ്ഞുനിൽക്കാൻ സഹായിക്കും. ലോഹത്തിൽ നിർമിച്ച വിൻഡ് ചൈം ഗൃഹത്തിന്റെ പൂമുഖത്തു തൂക്കിയിടുന്നത് ഗൃഹത്തിൽ ചൈതന്യം നിറയ്ക്കും. രണ്ടോ, ഒമ്പതോ ദണ്ഡുകൾ ഉള്ള മണ്ണിൽ നിർമിച്ചിട്ടുള്ള വിൻഡ് ചൈമുകൾ ഭവനത്തിലെ കിഴക്കുപടിഞ്ഞാറു ഭാഗത്തായാണ് തൂക്കിയിടേണ്ടത്.

ഇപ്രകാരം ചെയ്യുന്നത് സൗഭാഗ്യകരമാണെന്നാണ് ഫെങ്ഷുയി പറയുന്നത്. കുടുംബത്തിലെ കുഞ്ഞുങ്ങൾക്കു അനുകൂലമായ രീതിയിൽ കാര്യങ്ങൾ നടക്കണമെങ്കിൽ ഗൃഹത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ലോഹത്തിൽ തീർത്ത വിൻഡ് ചൈമുകൾ തൂക്കിയിടുന്നതാണ് ഉത്തമം. ഒരു വ്യക്തിയ്ക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിന് അനുകൂലമായവ പ്രദാനം ചെയ്യാൻ കഴിയുന്നവയാണ് വിൻഡ് ചൈമുകൾ. ഇവയുടെ നാദങ്ങൾ തടസങ്ങളെ ഉന്മൂലനം ചെയ്ത്, സൗഭാഗ്യങ്ങളും സന്തോഷവും നിറക്കുമെന്നാണ് വിശ്വാസം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *