മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇനി കേരള ബിജെപിയെ നയിക്കും

തിരുവനന്തപുരം : സംസ്ഥാന അധ്യക്ഷ പദവി മോഹിച്ചവരെ നിരാശരാക്കിയും സ്ഥാനത്തിനുവേണ്ടി സംജാതമായേക്കാവുന്ന തർക്കങ്ങൾക്ക് നേതൃത്തം കണ്ട ഒറ്റമൂലി പരിഹാരമായും കേരളത്തിലെ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങൾ അട്ടിമറിച്ചു രാജീവ് ചന്ദ്രശേഖരനെ ബിജെപി അധ്യക്ഷനാക്കി കേന്ദ്ര നേതൃത്വം. രണ്ടാം മോദി മന്ത്രിസഭയിൽ ഐടി വകുപ്പിന്‍റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു. താരതമ്യേന അപരിചിതനായിട്ടും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു മിന്നും പ്രകടനമാണ് അദ്ദേഹം കാഴ്‌ചവച്ചത്.
അറിയപ്പെടുന്ന ടെക്നോക്രാറ്റും പ്രമുഖ വ്യവസായിയുമാണ് ചന്ദ്രശേഖര്‍. കൃഷ്‌ണദാസ്, മുരളീധര പക്ഷങ്ങൾ ഇരുചേരികളായി നിന്നു പതിറ്റാണ്ടുകളായി പോരാടിക്കുന്ന സംസ്ഥാന ബിജെപിയിലേക്കാണ് ഈ രണ്ടു ഗ്രൂപ്പുകളിലും പെടാത്ത പുതിയ നേതാവിനെ അവതരിപ്പിച്ചു ബിജെപി പരീക്ഷണത്തിന് ഒരുങ്ങുന്നത്.
തുടർച്ചയായ രണ്ടു തവണ വി മുരളീധരനും അതിന് ശേഷം മുരളീധരപക്ഷത്ത് നിന്നു തന്നെയുള്ള കെ സുരേന്ദ്രൻ രണ്ടു തവണയും സംസ്ഥാന അധ്യക്ഷനായ ശേഷം കെ സുരേന്ദ്രൻ മൂന്നാമൂഴം പ്രതീക്ഷിച്ചിരിക്കെയാണ് കേന്ദ്ര നേതൃത്വം നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഇരു വിഭാഗങ്ങൾക്കും ആഘാതമായത്.
കൃഷ്‌ണദാസ് പക്ഷക്കാരായ ശോഭ സുരേന്ദ്രനും എം ടി രമേശും തങ്ങളിൽ ഒരാൾ അധ്യക്ഷനായേക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു. എന്നാൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അപ്രതീക്ഷിത മുഖങ്ങളെ സംസ്ഥാന അധ്യക്ഷന്മാരാക്കി നടത്തുന്ന പരീക്ഷണം വിജയം കണ്ട പശ്ചാത്തലത്തിലാണ് 2025 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജീവ് ചന്ദ്രശേഖറിലൂടെ അത്ഭുതത്തിന് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ 16000 ത്തോളം വോട്ടുകൾക്കാണ് ശശി തരൂരിനോട് പരാജയപ്പെട്ടത്.
ജനസ്വീകാര്യനായ വികസന മുഖമുള്ള രാജീവ് ചന്ദ്രശേഖര്‍ തന്നെ സംസ്ഥാന അധ്യക്ഷൻ ആകട്ടെയെന്നാണ് കേന്ദ്ര തീരുമാനം. ഇതുമായി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. തിങ്കളാഴ്‌ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കേരളത്തിലെ ബിജെപി സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ചുമതല നല്‍കിയിരിക്കുന്ന ബിജെപി നേതാവ് പ്രഹ്ളാദ് ജോഷിയാകും പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുക. പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് അദ്ദേഹമാണ് മേല്‍നോട്ടം വഹിക്കുന്നത്.
5 വര്‍ഷം അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രന്‍റെ ഒഴിവിലേക്കാണ് രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും വികസനമുഖമെന്നുള്ള ആള്‍ എന്ന തരത്തിലാണ് രാജീവ് ചന്ദ്രശേഖരിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.
ഇന്ന് ഉച്ചയ്‌ക്കു രണ്ടു മുതല്‍ മൂന്നു വരെ അധ്യക്ഷൻ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിക്കാനുള്ള സമയം നല്‍കിയിരുന്നു. രാജീവ് മാത്രമേ പത്രിക സമര്‍പ്പിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ഏകകണ്‌ഠമായിട്ടാകും അധ്യക്ഷനെ തെരഞ്ഞെടുക്കുക. പത്രികാ സമര്‍പ്പണം കഴിയുമ്പോള്‍ തന്നെ പുതിയ അധ്യക്ഷനെ അറിയാനാകും. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, വി. മുരളീധരന്‍, ജോര്‍ജ് കുര്യൻ എന്നിവരുടെ പേരുകളാണ് നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നത്.