RBI മുൻ ഗവർണർ ശക്തികാന്ത ദാസ് ഇനി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി

ന്യുഡൽഹി: രാജ്യത്തെ സാമ്പത്തിക നയരൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ആറ് വർഷം റിസർവ് ബാങ്ക് ഗവർണറായിരുന്നതിന് ശേഷം ശക്തികാന്ത ദാസ് വിരമിച്ചത് പോയ ഡിസംബറിലായിരുന്നു. സമർഥരായ ഉദ്യോഗസ്ഥരെ ഭരണത്തിന്റെ വിവിധ തലങ്ങളിൽ നിലനിർത്താൻ പ്രധാനമന്ത്രി ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് കേന്ദ്ര ബാങ്ക് ഗവർണറായി വിരമിച്ച ശക്തികാന്ത ദാസിനെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഭരണ കാലാവധി അവസാനിക്കും വരെയാണ് നിയമനം.