പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ മോദിയുമായി കൂടിക്കാഴ്ച ഉണ്ടാകും എന്ന് അപ്രതീക്ഷിത പ്രഖ്യാപനം ആയി ട്രംപ്
വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നു വിവരം. മിഷിഗണിലെ ഫ്ലിന്റിൽ നടന്ന പ്രചരണ പരിപാടിയിൽ ഇന്ത്യയുമായുള്ള യുഎസ് ബന്ധത്തെ കുറിച്ച് സംസാരിക്കവെയാണ് ട്രംപ് കൂടിക്കാഴ്ച പ്രഖ്യാപിച്ചത്. എവിടെ വച്ചാകും കൂടിക്കാഴ്ച എന്നതടക്കമുള്ള വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടില്ല.
സെപ്റ്റംബർ 21 മുതൽ 23 വരെ മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ട്രംപ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും. മോദിയുടെ യുഎസ് സന്ദർശനം 21 മുതൽ ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പ്രസിഡന്റായിരിക്കെ ട്രംപും (2017-2021) മോദിയും തമ്മിൽ ശക്തമായ ബന്ധമായിരുന്നു.
ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ റാലി, ഇന്ത്യയിലെ ‘നമസ്തേ ട്രംപ്’ എന്നീ പരിപാടികൾ വലിയ ചർച്ചയായി. പ്രതിരോധ മേഖലയിൽ തന്ത്രപരമായ സഹകരണത്തിലൂടെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിൽ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇടയ്‌ക്കിടെയുള്ള വ്യാപാര തർക്കങ്ങൾക്കിടയിലും, ബന്ധം സുരക്ഷിതമായി കൊണ്ടുപോകാൻ മോദിയും ട്രംപും ശ്രദ്ധിച്ചു.