മുൻ മന്ത്രി എം.ടി. പത്മ മുംബൈയിൽ അന്തരിച്ചു
മുംബൈ:കേരളത്തിലെ മുൻ ഫിഷറീസ് -ഗ്രാമ വികസന വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമ സഭകളിലെ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്ന എം.ടി. പത്മ (80 ) മുംബൈയിലെ മകളുടെ വസതിയിൽ വെച്ച് അന്തരിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ എംടി പത്മ ബിരുദാനന്ദര ബിരുദവും നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട് കെ.എസ്.യു വിൽ ദീർഘകാലം പ്രവർത്തിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കോഴിക്കോട് കോൺഗ്രസിന്റെ ഡി.സി.സി സെക്രട്ടറിയും ട്രഷററുമായി പ്രവർത്തിച്ചു. മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ.പി.സി.സി അംഗം എന്നീ നിലകളിലൊക്കെ പൊതു രംഗത്ത് സജീവമായിരുന്നു. ഫിഷറീസ് -ഗ്രാമ വികസന – രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി. 1991 മുതൽ 16 മാർച്ച് 1995 വരെയും ഫിഷറീസ് – രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി 3 മേയ് 1995 മുതൽ 9 മേയ് 1996 വരെയും പ്രവർത്തിച്ചു.
1999 ൽ പാലക്കാട് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും എൻ.എൻ. കൃഷ്ണദാസിനോട് പരാജയപ്പെട്ടു. 2004ൽ വടകരയിൽ മത്സരിച്ചപ്പോഴും പരാജയപ്പെട്ടു. കെ. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ കൂടെ നിന്ന പത്മ പിന്നീട് കോൺഗ്രസിലേയ്ക്ക് തിരിച്ചു വന്നു.
മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.