WMF മഹാരാഷ്ട്ര കൗൺസിൽ രൂപീകരണം (VIDEO) :ആലോചനായോഗം നടന്നു

മുംബൈ : ആസ്ട്രിയ ആസ്ഥാനമായുള്ള ആഗോള മലയാളി കൂട്ടായ്മയായ ‘വേൾഡ് മലയാളി ഫെഡറേഷ’ (WMF )ൻ്റെ മഹാരാഷ്ട്രാ സംസ്ഥാന കൗൺസിൽ രൂപീകരണത്തിൻ്റെ ആലോചനാ യോഗം കൺവീനർ ഡോ.ഉമ്മൻ ഡേവിഡിൻ്റെ അധ്യക്ഷതയിൽ നവിമുംബൈയിലെ ഹോട്ടൽ റമ്ദായിൽ വെച്ചുനടന്നു.
മുംബൈയിലെ സാമൂഹ്യസാംസ്‌കാരിക സംഘടനാപ്രവർത്തനമേഖലയിലുള്ള മുപ്പത്തിയേഴ്പേർ യോഗത്തിൽ പങ്കെടുത്തു .യോഗത്തിൽ പങ്കെടുത്തവർക്ക് സിന്ധുനായർ സ്വാഗതം പറഞ്ഞു. ഫെഡറേഷനെകുറിച്ചും മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ രൂപീകരിക്കുന്നതിൻ്റെ കാരണങ്ങളെക്കുറിച്ചും ആമുഖമായി ഡോ.ഉമ്മൻ ഡേവിഡ് സംസാരിച്ചു.ആഗോളതലത്തിലുള്ള ഫെഡറേഷൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹ്യ സേവന രംഗത്തുള്ള അതിൻ്റെ ഇടപെടലുകളെക്കുറിച്ചും സംഘടനയുടെ പ്രതിനിധിയായി എത്തിയ ഏഷ്യാ റീജിയൻ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ഡാനിയൽ വിശദീകരിച്ചു.WMFൻ്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് ഡൊമനിക് പോൾ സംസാരിച്ചു.
യോഗത്തിൽ പ്രാഥമികമായി വേൾഡ് മലയാളി ഫെഡറേഷന്റെ മഹാരാഷ്ട്ര കൗൺസിൽ അഡ്‌ഹോക് കമ്മിറ്റി
തെരഞ്ഞെടുത്തു. ഡോ.ഉമ്മൻ ഡേവിഡ് സംഘടനയുടെ കൺവീനർ ആണ്. പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഡോ.റോയ് ജോൺ മാത്യു ആണ് പ്രസിഡന്റ് . ഡോ.ബിജോയ് കുട്ടി ,സിന്ധുനായർ (വൈസ് പ്രസിഡണ്ട് )ഡൊമനിക് പോൾ (സെക്രട്ടറി ) എൻ.ടി.പിള്ള , രാഖി സുനിൽ (ജോ.സെക്രട്ടറി )വിജയകുമാർ (ഹോസ്റ്റ് )ട്രഷറർ , കോ-ഓർഡിനേറ്റർമാരായി നിഖിൽ നായർ, ലൈജി വർഗ്ഗീസ് എന്നിവരേയും തെരഞ്ഞെടുത്തു.
സംഘടനയുടെ നിയമാവലി ഏഷ്യാ റീജിയൻ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ഡാനിയൽ ഡോ.ഉമ്മൻ ഡേവിഡിന് കൈമാറുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്‌തു .രാഖി സുനിൽ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.
ലോകത്തുള്ള മലയാളികളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയാണ് WMF. 2016 സെപ്റ്റംബർ 21ന് ഓസ്ട്രിയയിലെ വിയന്നയിൽ ഡോ .പ്രിൻസ് പള്ളിക്കുന്നേൽ സ്ഥാപിച്ച WMFന് ഇന്ന് ലോകവ്യാപകമായി നൂറ്റിഅറുപത്തിയെട്ടോളം ശാഖകളുണ്ട് . ഒമാനിലുള്ള ഡോ.ജെ.രത്‌നകുമാർ ആണ് ഈ കൂട്ടായ്‌മയുടെ ഗ്ലോബൽ ചെയർമാൻ .സാമൂഹ്യ സേവനരംഗത്തും ലോക മലയാളികൾ അഭിമുഖീകരിക്കുന്ന മറ്റെല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്നതിനോടൊപ്പം ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ WMFഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
ജാതി മതരാഷ്ട്രീയമില്ലാതെ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുക എന്നലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര കൗൺസിൽ രൂപീകരിക്കുന്നതെന്ന് ഫ്രാൻസിസ് ഡാനിയൽ ‘സഹ്യ ന്യുസി ‘നോട് പറഞ്ഞു.