വിദേശ വ്ലോഗറുടെ ഫ്യൂഷൻ ഫുഡ്സ്, കമന്റുകളുമായി നെറ്റിസൺസ്
ഭക്ഷണവുമായി ബന്ധപ്പെട്ട അനേകം വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. വിവിധ രാജ്യങ്ങളിലെ ഭക്ഷണവും ഭക്ഷണരീതികളുമെല്ലാം മനസിലാക്കാൻ ഇതിൽ നിന്നും വളരെ എളുപ്പവുമാണ്. അതുപോലെ ട്രെൻഡാവുന്ന ഒന്നാണ് ഫ്യൂഷൻ ഫുഡ്സ്. അതിൽ ചിലതെല്ലാം കണ്ടാൽ ആകപ്പാടെ ഇതെന്തൊരു അതിക്രമം എന്ന് തോന്നിപ്പോവും. എന്നിരുന്നാലും, അത്തരം വീഡിയോകൾ ഇഷ്ടം പോലെ സോഷ്യൽ മീഡിയയിൽ കാണാം. അതുപോലെ ഒരു വീഡിയോയാണ് ഇതും. വിദേശിയായ ഒരു വ്ലോഗറാണ് ഈ ഭക്ഷണപരീക്ഷണം നടത്തുന്നത്. വീട്ടിൽ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ആരോ ഒരാൾ നൽകിയ കമന്റിനെ പിന്തുടർന്നാണ് വ്ലോഗറുടെ ഈ പരീക്ഷണം. ഇന്ത്യൻ ഭക്ഷണം മറ്റ് സ്ഥലത്തെ ഭക്ഷണവുമായി ചേർത്ത് ഉണ്ടാക്കാമോ എന്നായിരുന്നു കമന്റ്.
ഇതിന് പിന്നാലെ വ്ലോഗർ പരീക്ഷണം തുടങ്ങുന്നു. ‘നിങ്ങളെന്താണ് കാണാൻ പോകുന്നത് എന്നതിന് ഞാൻ ക്ഷമ ചോദിക്കുന്നു. പക്ഷേ, നമുക്ക് കഴിക്കാം’ എന്നാണ് വീഡിയോയിൽ പറയുന്നത്. പിന്നീട്, വിവിധ ഭക്ഷണങ്ങൾ ഇയാൾ കഴിക്കുന്നതും കാണാം. ഇൻഡോ-ഇറ്റാലിയൻ ഫ്യൂഷനായ ‘ചിക്കൻ കറി സ്പാഗെട്ടി’ ആണ് ആദ്യമായി യുവാവ് പരീക്ഷിക്കുന്ന വിഭവം. അതിന് നൽകുന്ന റേറ്റിംഗ് 8.9/10 ആണ്. അടുത്തതായി, സമൂസയാണ് അതില്‍ ഉരുളക്കിഴങ്ങ് മാറ്റി മാക്കും ചീസും നിറയ്ക്കുന്നതാണ് കാണാനാവുക. 8.2/10 ആണ് റേറ്റിംഗ്. പിന്നീട്, ഇന്ത്യൻ, മെക്സിക്കൻ ഭക്ഷണങ്ങളുടെ ഫ്യൂഷൻ ‘ചിക്കൻ നാൻ ക്യൂസാഡില്ല’ ആണുണ്ടാക്കുന്നത്. 8/10 ആണ് ഇതിന് നൽകുന്ന റേറ്റിംഗ്. വേറെയും ഇതുപോലെയുള്ള അനേകം വിഭവങ്ങൾ ഇയാൾ ഉണ്ടാക്കുന്നുണ്ട്. ബിരിയാണി എന്ന് പറഞ്ഞ് വൈറ്റ് റൈസ് കഴിക്കുന്നതും വീഡിയോയിൽ കാണാം.
ഇത്തരത്തിലുള്ള ഫ്യൂഷൻ എന്തായാലും കാഴ്ചക്കാരെ ആകർഷിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. മിക്കവാറും ആളുകൾ ഇയാൾ ബിരിയാണി എന്ന് പറഞ്ഞ് വൈറ്റ് റൈസ് കഴിക്കുന്നത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.