യാത്രാ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത, ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ

0

യാത്രയിൽ മുൻകൂട്ടി തീരുമാനിച്ചിരിക്കുന്ന ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത് പോലെ തന്നെ പ്രധാനമാണ് അവിടേക്കുള്ള യാത്രയും. ലക്ഷ്യസ്ഥാനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് യാത്ര ചെയ്യുന്ന രീതിയും. യാത്ര ചെയ്യുന്ന രീതിക്കു കൂടി പ്രാധാന്യം നൽകുന്ന സഞ്ചാരികൾക്കുള്ളതാണ് ഈ സന്തോഷവാർത്ത. ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ എത്തുകയാണ്.2025 ജനുവരിയോടെ ന്യൂഡൽഹി – ശ്രീനഗർ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാനത്തു നിന്നു ജമ്മു കശ്മീരിന്റെ മനോഹാരിതയിലേക്കുള്ള അതിസുന്ദരമായ ഒരു യാത്രയായിരിക്കും ഈ പുതിയ ട്രെയിൻ സഞ്ചാരികൾക്കു സമ്മാനിക്കുക. ഏകദേശം 13 മണിക്കൂറിൽ താഴെ സമയം കൊണ്ട് ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള 800 കിലോമീറ്റർ ദൂരം പുതിയ വന്ദേഭാരത് മറികടക്കും. സുഖകരമായ ഒരു രാത്രിയാത്രക്കു ശേഷം ശ്രീനഗറിന്റെ മനോഹാരിതയിലേക്ക് സഞ്ചാരികൾക്ക് ചെന്നിറങ്ങാം

സമയം ലാഭിക്കാൻ രാത്രിയാത്ര

ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിൽ പിന്നിടേണ്ടത് 800 കിലോമീറ്റർ ദൂരമാണ്. ഏകദേശം 13 മണിക്കൂറിൽ താഴെ മാത്രം സമയമാണ് ഈ ദൂരം പിന്നിടാൻ പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന് ആവശ്യമായി വരുന്നത്. രാത്രിയാത്ര ആയതിനാൽ തന്നെ സഞ്ചാരികൾക്ക് പകൽസമയം ലാഭിക്കാനും കഴിയുന്നു. 2025 ജനുവരിയോടെ പുതിയ ട്രെയിൻ എത്തും. വിനോദസഞ്ചാരികൾ, വ്യവസായികൾ തുടങ്ങി രാത്രിസമയം യാത്രക്കു വിനിയോഗിക്കാൻ താൽപര്യപ്പെടുന്നവർക്കാണ് ഇത് പ്രധാനമായും ഉപകാരപ്പെടുക.

ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടുന്നത് വൈകുന്നേരം ഏഴുമണിക്ക്

വൈകുന്നേരം ഏഴു മണിക്കാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ന്യൂഡൽഹിയിൽ നിന്നു പുറപ്പെടുക. പിറ്റേദിവസം രാവിലെ എട്ടുമണിക്ക് ശ്രീനഗറിൽ ട്രെയിൻ എത്തും. രാവിലെ ശ്രീനഗറിൽ എത്തി പുതിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വളരെ അനുയോജ്യമായ ഒരു ട്രെയിൻ ആയിരിക്കും ഇത്. ഹരിയാനയിലെ അംബാല കന്റോൺമെന്റ്, ലുധിയാന, ജമ്മു താവി, ശ്രീ മാത വൈഷ്ണോ ദേവി കത്ര തുടങ്ങി വളരെ കുറച്ചു സ്റ്റോപ്പുകൾ മാത്രമേ ഈ യാത്രയിൽ ഉണ്ടായിരിക്കുകയുള്ളൂ. യാത്രാസമയം ലാഭിക്കുന്നതിനു വേണ്ടിയാണ് സ്റ്റോപ്പുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിരിക്കുന്നത്. ഉധംപൂർ – ശ്രീനഗർ – ബാരാമുള്ള റെയിൽ ലിങ്ക് വഴിയായിരിക്കും ട്രെയിൻ യാത്ര ചെയ്യുക.

യാത്രാനിരക്കുകൾ ഇങ്ങനെ

മൂന്ന് ക്ലാസുകൾ ആയിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടായിരിക്കുക. എസി ത്രീ ടയർ, എസി ടു ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ ആയിരിക്കും അത്. എസി ത്രീ ടയറിൽ 2,000 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. എസി ടു ടയറിൽ 2,500 രൂപയും ഫസ്റ്റ് ക്ലാസിൽ 3,000 രൂപയും ആയിരിക്കും ടിക്കറ്റ് നിരക്ക്.

സുഖകരമായ യാത്ര

രാത്രിയാത്ര ആയതുകൊണ്ട് തന്നെ അതിന് അനുയോജ്യമായ വിധത്തിലാണ് ട്രെയിൻ രൂപകൽപന ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടു കൂടിയ സ്ലീപ്പർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. BEML ആണ് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സെപ്തംബർ 2024 ൽ ഇത് അനാച്ഛാദനം ചെയ്തു.

വിനോദസഞ്ചാരമേഖലയ്ക്ക് പുത്തൻ ഉണർവ്

ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ എത്തുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകും. കാരണം പലപ്പോഴും സഞ്ചാരികളെ ജമ്മു കശ്മീരിലേക്കു പോകുന്ന യാത്രകളിൽ നിന്ന് തടയുന്നത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ്. എന്നാൽ, 13 മണിക്കൂർ രാത്രിയാത്രയിൽ ശ്രീനഗറിലേക്ക് എത്താൻ കഴിയുമ്പോൾ ഡൽഹിയിൽ എത്തുന്ന നിരവധി സഞ്ചാരികൾ ജമ്മു കശ്മീരിലേക്കും തങ്ങളുടെ യാത്രാപദ്ധതികൾ നീട്ടിയേക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *