‘മുപ്പത് വെള്ളിക്കാശിന് സമുദായത്തെ ഒറ്റിക്കൊടുത്തു’; കെ.ടി. ജലീലിനെതിരെ മുസ്‌ലിം ലീഗ്
മലപ്പുറം ∙ മുപ്പത് വെള്ളിക്കാശിന് ജലീൽ സമുദായത്തെ ഒറ്റിക്കൊടുത്തെന്ന് മുസ്‌ലിം ലീഗ്. കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനം മുസ്‌ലിം പേരുകാരെന്ന കെ.ടി. ജലീലിന്റെ പ്രസ്താവനക്കെതിരെ ലീഗ് രംഗത്തെത്തിയിരിക്കുന്നത്. പിആർ ഏജൻസി ക്വട്ടേഷൻ ജലീലിനെ ഏൽപ്പിച്ചിരിക്കുകയാണെന്ന് പി.കെ. ഫിറോസ് ആരോപിച്ചു.ജലീലിന്റെ പ്രസ്താവന അപകടകരവും ഗുരുതരമാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ‘‘ജലീലിന്റെ കൂടെ ഉള്ളവര്‍ കള്ളക്കടത്തുകാരാണോ?. കള്ളക്കേസുകളില്‍ പിടിയിലാവരുടെ പേര് പുറത്തുവിട്ട് എത്ര മുസ്‌ലിങ്ങളുണ്ടെന്ന് ജലീല്‍ വ്യക്തമാക്കണം. ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളിയാക്കാന്‍ എവിടെ നിന്നാണ് പ്രചോദനം കിട്ടിയത്? മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തേക്കാള്‍ ഗുരുതരമാണ് ജലീലിന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുകയാണ്. കെ.ടി. ജലീല്‍ സമുദായത്തോടും ലോകത്തോടും മാപ്പ് പറയണം’’ – പിഎംഎ സലാം പറഞ്ഞു.