5 വർ‌ഷത്തിനിടെ ആദ്യമായി വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ഖമനയി; നസ്റ‌ല്ല വധത്തിൽ ഇസ്രയേലിന് മറുപടിയെന്ത്?

0

ടെഹ്റ‌ാൻ ∙  ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകവെ, 5 വർഷത്തിനിടെ ആദ്യമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകും. ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയുടെ വധത്തിനു പ്രതികാരമായി ഇസ്രയേലിനു നേരെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇന്നത്തെ പ്രാർഥനയിൽ ഖമനയി പങ്കെടുക്കുന്നത്. പ്രാർഥനയുടെ ഭാഗമായുള്ള പ്രഭാഷണത്തിൽ ഖമനയി എന്തുപറയുമെന്ന് ഉറ്റുനോക്കുകയാണു ലോകം.

ടെഹ്‌റാനിലെ മോസ്കിലാണു ഖമനയിയുടെ പ്രാർഥനയെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 10.30ന് നസ്റ‌ല്ലയുടെ അനുസ്‌മരണത്തിനു ശേഷമാണു പ്രാർഥന. 2020 ജനുവരിയിലാണു ഖമനയി അവസാനമായി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകിയത്. ഇറാന്റെ അർധസൈനിക വിഭാഗമായ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിൽ ഇറാൻ മിസൈലാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിന് 3 ദിവസം മുൻപാണു ഖമനയി പൊതുചടങ്ങിൽ പ്രസംഗിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

നസ്‌റല്ലയുടെ മരണത്തിനു പിന്നാലെ, ലബനൻ ജനതയ്ക്കും ഹിസ്ബുല്ലയ്ക്കും ഒപ്പം നിൽക്കാനും, എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഇസ്രയേലിന്റെ ദുഷ്ട ഭരണകൂടത്തെ നേരിടാൻ അവരെ സഹായിക്കാനും ഖമനയി ആഹ്വാനം ചെയ്തിരുന്നു. 5 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച അദ്ദേഹം, ‘നസ്റല്ലയുടെ മരണത്തിന് മറുപടിയുണ്ടാകും’ എന്ന് പ്രതിജ്ഞയുമെടുത്തു. നസ്റ‌ല്ല വ്യക്തി മാത്രമായിരുന്നില്ല, പാതയും ചിന്താധാരയുമായിരുന്നു, ആ പാത തുടരുമെന്നും ഖമനയി അഭിപ്രായപ്പെട്ടു. ബെയ്‌റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ നസ്‌റല്ലയ്‌ക്കൊപ്പം റവല്യൂഷനറി ഗാർഡിലെ ജനറൽ അബ്ബാസ് നിൽഫൊറൂഷന്റെ മരണവും ഇറാന് ആഘാതമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *