ശ്രേയസിനു (233) പിന്നാലെ വെങ്കടേഷ് അയ്യർ 176 പന്തിൽ 174 റൺസ്; കൊൽക്കത്ത റിലീസ് ചെയ്ത താരങ്ങൾക്ക് രഞ്ജിയിൽ ശുക്രദശ!

0

 

പട്ന∙ പുതിയ ഐപിഎൽ സീസണിനു മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്ത താരങ്ങൾക്ക് രഞ്ജി ട്രോഫിയിൽ ശുക്രനുദിച്ചു! കഴിഞ്ഞ സീസണിൽ ടീമിനെ കിരീടവിജയത്തിലേക്കു നയിച്ചിട്ടും കൊൽക്കത്ത നിലനിർത്തുന്നില്ലെന്നു തീരുമാനിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒഡീഷയ്‌ക്കെതിരെ ഇരട്ടസെഞ്ചറിയുമായി മിന്നിയപ്പോൾ, ടീം നിലനിർത്താത്തതിൽ വിഷമമുണ്ടെന്ന് തുറന്നുപറഞ്ഞ ഓൾറൗണ്ടർ വെങ്കടേഷ് അയ്യർക്കും തകർപ്പൻ സെഞ്ചറി. മധ്യപ്രദേശ് താരമായ വെങ്കടേഷ് അയ്യർ, ബിഹാറിനെതിരെയാണ് സെഞ്ചറിയുമായി കരുത്തുകാട്ടിയത്.

176 പന്തുകൾ നേരിട്ട വെങ്കടേഷ് അയ്യർ, 17 ഫോറും നാലു സിക്സും സഹിതം 174 റൺസെടുത്ത് പുറത്തായി. ബിഹാറിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മധ്യപ്രദേശിനായി ക്യാപ്റ്റൻ ശുഭം ശർമയും സെഞ്ചറി നേടി. 289 പന്തുകൾ നേരിട്ട ശർമ, 20 ഫോറും നാലു സിക്സും സഹിതം 240 റൺസെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റിൽ ശുഭം ശർമ – വെങ്കടേഷ് അയ്യർ സഖ്യം പടുത്തുയർത്തിയ ട്രിപ്പിൾ സെഞ്ചറി കൂട്ടുകെട്ടിന്റെ ബലത്തിൽ മധ്യപ്രദേശ് ഒന്നാം ഇന്നിങ്സിൽ നേടിയത് 616 റൺസ്. 130.2 ഓവറിലാണ് മധ്യപ്രദേശ് 616 റൺസെടുത്തത്.  അയ്യർ – ശർമ സഖ്യം 407 പന്തിൽ 366 റൺസാണ് കൂട്ടിച്ചേർത്തത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയില്ലെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുപോയതായി വെങ്കടേഷ് അയ്യർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. 2021 മുതൽ കൊൽക്കത്തയ്ക്കൊപ്പമുള്ള താരത്തെ ഇത്തവണ ടീം ഒഴിവാക്കുകയായിരുന്നു. ‘‘കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശരിക്കും ഒരു കുടുംബമാണ്. അത് ചില താരങ്ങളുടെ കൂട്ടമല്ല. ടീം മാനേജ്മെന്റ്, സ്റ്റാഫ് തുടങ്ങി പിന്നണിയിലുള്ളവരെല്ലാം അതിന്റെ ഭാഗമാണ്. റിട്ടൻഷൻ ലിസ്റ്റിൽ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോൾ കണ്ണു നിറഞ്ഞിരുന്നു. താരലേലത്തിൽ കൊൽക്കത്ത എനിക്കു വേണ്ടി ശ്രമിക്കുമോയെന്ന് അറിയാൻ ഞാൻ കാത്തിരിക്കുകയാണ്.

ഒരു കുട്ടിയുടെ അത്രയും കൗതുകത്തോടെയാണു ഞാൻ ലേലത്തെ കാണുന്നത്. കൊൽക്കത്ത എന്നെ വീണ്ടും വാങ്ങിയാൽ അതാണു സന്തോഷം.’’ – വെങ്കടേഷ് അയ്യർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ തുടങ്ങിയ താരങ്ങളെ നിലനിർത്തുന്നില്ലെന്നു തീരുമാനിച്ച കൊൽക്കത്ത, റിങ്കു സിങ് (13 കോടി രൂപ), സുനിൽ നരെയ്ൻ (12 കോടി), ആന്ദ്രെ റസ്സൽ (12 കോടി), വരുൺ ചക്രവർത്തി (11 കോടി), ഹർഷിത് റാണ (4 കോടി), രമൺദീപ് സിങ് (4 കോടി) എന്നിവരെയാണ് നിലനിർത്തിയത്. കൊൽക്കത്ത ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യ മത്സരത്തിലാണ് ഒഡീഷയ്‌ക്കെതിരെ ശ്രേയസ് അയ്യർ ഇരട്ടസെഞ്ചറി നേടിയത്.

അഞ്ചാമനായി ക്രീസിലെത്തിയ അയ്യർ, 228 പന്തിലാണ് 233 റൺസെടുത്തത്. 24 ഫോറുകളും ഒൻപതു സിക്സും ഉൾപ്പെടുന്ന ഇന്നിങ്സ്. ക്യാപ്റ്റൻ അജിയൻക്യ രഹാനെ ഗോൾഡൻ ഡക്കായതിന്റെ സമ്മർദ്ദത്തിനിടെയാണ് ക്രീസിലെത്തിയെങ്കിലും, ഏകദിന ശൈലിയിൽ തകർത്തടിച്ചാണ് അയ്യർ തിരിച്ചടിച്ചത്. 101 പന്തിൽ സെഞ്ചറി പൂർത്തിയാക്കിയ അയ്യർ, 201 പന്തിൽ 22 ഫോറും എട്ടു സിക്സും സഹിതമാണ് ഇരട്ടസെഞ്ചറിയിലെത്തിയത്. നാലാം വിക്കറ്റിൽ സിദ്ധേഷ് ലാഡിനൊപ്പം ട്രിപ്പിൾ സെഞ്ചറി കൂട്ടുകെട്ടു തീർക്കാനും അയ്യർക്കായി. 440 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 354 റൺസ്! രഞ്ജി ട്രോഫിയിൽ ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അയ്യർ ഇരട്ടസെഞ്ചറിയിലെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *