നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്തിരിക്കും: ഇസ്രയേലിനോട് ഖമനയി; ഇറാനിൽ 5 ദിവസത്തെ ദുഃഖാചരണം
ബെയ്റൂട്ട്∙ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ (64) വധിച്ചതിനു പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. വെള്ളിയാഴ്ച തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി കൊല്ലപ്പെടുന്നത്. ഇസ്രയേൽ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്ക് ഇറാനാണ് പിന്തുണ നൽകുന്നത്.
ഹസൻ നസ്റല്ലയുടെ മരണത്തെ തുടർന്ന് ഇറാനിൽ അഞ്ചു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ചരിത്രപരമായ വഴിത്തിരിവാണെന്നായിരുന്നു ഹസൻ നസ്റല്ലയുടെ വധത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഇരകൾക്ക് നീതി ലഭിച്ചെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, വെടിനിർത്തലിന് അഭ്യർഥിച്ചു. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിവയ്പ് തുടരുകയാണെന്ന് ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ നടന്ന വെടിവയ്പ്പിൽ 33 പേർ മരിച്ചു. 200 പേർക്കു പരുക്കേറ്റു.
തിങ്കളാഴ്ച ആരംഭിച്ച ഇസ്രയേൽ ആക്രമണങ്ങളിൽ എണ്ണൂറിലധികം പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നസ്റല്ലയുടെ കൊലപാതകത്തെ തുടർന്ന് അടിയന്തരമായി യുഎൻ രക്ഷാസമിതിയുടെ യോഗം വിളിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അധികാരമേഖലയിലും, പ്രതിനിധികൾക്കുമേലും നടക്കുന്ന ആക്രമണങ്ങളോട് ഉചിതമായ രീതിയിൽ പ്രതികരിക്കുമെന്ന് ഇറാന്റെ യുഎൻ അംബാസഡർ വ്യക്തമാക്കി. മേഖലയെ യുദ്ധത്തിലേക്ക് നയിക്കുന്ന ഇസ്രയേൽ നടപടികളെ ചെറുക്കണമെന്നും യുഎന്നിനോട് അഭ്യർഥിച്ചു. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് 50,000പേർ ലബനനിൽനിന്ന് സിറിയയിലേക്ക് പലായനം ചെയ്തതായി യുഎൻ അധികൃതർ വ്യക്തമാക്കി. രണ്ടു ലക്ഷത്തോളം പേരെ സംഘർഷം ബാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും യുഎൻ അധികൃതർ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ കിഴക്കൻ സിറിയയിലുണ്ടായ വ്യോമാക്രമണത്തിൽ ഇറാൻ അനുകൂല സായുധ സംഘത്തിലെ 12 പേർ കൊല്ലപ്പെട്ടു. ദെയർ എസോർ നഗരത്തിലും ഇറാഖ് അതിർത്തിയിലെ ബുകമാൽ മേഖലയിലുമാണ് വ്യോമാക്രമണം നടന്നത്. വ്യോമാക്രമണങ്ങളിൽ അഞ്ചെണ്ണം ദെയർ എസോർ വിമാനത്താവളത്തിന് സമീപമുള്ള സൈനിക താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ കിഴക്കൻ സിറിയയിലെ ഇറാൻ അനുകൂല ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ഇസ്രയേൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.
ഹിസ്ബുല്ല നേതൃനിരയിൽ ഇസ്രയേൽ വധിക്കുന്ന ഏറ്റവും ഉയർന്ന നേതാവാണ് ഹസൻ നസ്റല്ല. 32 വർഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു ഹസൻ നസ്റല്ല. 18 വർഷം നീണ്ട അധിനിവേശം അവസാനിപ്പിച്ച് 2000ൽ ഇസ്രയേൽ സൈന്യത്തെ ലബനനിൽനിന്നു തുരത്തിയ ഹിസ്ബുല്ലയുടെ ചെറുത്തുനിൽപ് നസ്റല്ലയുടെ നേതൃത്വത്തിലായിരുന്നു. 2006 ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയതോടെ നസ്റല്ല മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി ഉയർന്നു.