കേരളത്തിനായി അതിഥി താരങ്ങളുടെ അത്യധ്വാനം, 20 വിക്കറ്റും പോക്കറ്റിൽ; വിജയലക്ഷ്യം 158 റൺസ്, പോരാട്ടം സൂപ്പർ ക്ലൈമാക്സിലേക്ക്!
തിരുവനന്തപുരം∙ സ്പിന്നർമാരുടെ പറുദീസയായി മാറിയ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലെ പിച്ചിൽ കേരളം–പഞ്ചാബ് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ 15 റൺസ് ലീഡ് വഴങ്ങിയ കേരളത്തിനു മുന്നിൽ ഒന്നര ദിവസത്തെ കളി ബാക്കിനിൽക്കെ വിജയലക്ഷ്യം 158 റൺസ്. രണ്ടാം ഇന്നിങ്സിൽ പഞ്ചാബ് 55.1 ഓവറിൽ 142 റൺസിനു പുറത്തായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സർവതെ, ബാബ അപരാജിത്, രണ്ടു വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന എന്നിവർ ചേർന്നാണ് പഞ്ചാബിനെ 142 റൺസിൽ ഒതുക്കിയത്.
പഞ്ചാബ് ബാറ്റർമാരെല്ലാം വിറച്ചുനിന്ന പിച്ചിൽ തകർത്തടിച്ച് അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ പ്രഭ്സിമ്രൻ സിങ്ങാണ് അവരുടെ ടോപ് സ്കോറർ. പ്രഭ്സിമ്രൻ 49 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 51 റൺസെടുത്ത് പുറത്തായി. 122 പന്തിൽ 37 റൺസെടുത്ത അൻമോൽപ്രീത് സിങ്ങിന്റെ പ്രതിരോധവും നിർണായകമായി. അതേസമയം, പഞ്ചാബ് ഇന്നിങ്സിൽ പ്രഭ്സിമ്രൻ സിങ് നേടിയ ഏഴു ഫോറും ഒരു സിക്സും മാറ്റിനിർത്തിയാൽ ബാക്കി 9 പേരും ചേർന്ന് നേടിയത് ഒരേയൊരു ഫോർ മാത്രം. 30 പന്തിൽ 12 റൺസെടുത്ത ഓപ്പണർ അഭയ് ചൗധരിയാണ് ഈ ഫോർ നേടിയത്.ഇവർക്കു പുറമേ പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത് 25 പന്തിൽ 12 റൺസെടുത്ത നേഹൽ വധേര മാത്രം.
ഓപ്പണർ നമാൻ ധിർ (37 പന്തിൽ 7), സിദ്ധാർഥ് കൗൾ (0), കൃഷ് ഭഗത് (34 പന്തിൽ അഞ്ച്), മായങ്ക് മാർക്കണ്ഡെ (21 പന്തിൽ 9), രമൺദീപ് സിങ് (0), ഗുർനൂർ ബ്രാർ (ആറു പന്തിൽ ഒന്ന്), എന്നിവരെല്ലാം നിരാശപ്പെടുത്തി.കേരളത്തിനായി ആദിത്യ സർവതെ 19 ഓവറിൽ 43 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ബാബ അപരാജിത് 15 ഓവറിൽ 35 റണ്സ് വഴങ്ങിയും നാലു വിക്കറ്റ് സ്വന്തമാക്കി. ജലജ് സക്സേന 18.1 ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഇതോടെ, മത്സരത്തിൽ പഞ്ചാബിന്റെ 20 വിക്കറ്റുകളും കേരളത്തിനായി സ്വന്തമാക്കിയത് അതിഥി താരങ്ങളെന്ന അപൂർവതയുമായി. ഒന്നാം ഇന്നിങ്സിൽ ജലജ് സക്സേന, ആദിത്യ സർവതെ എന്നിവർ 5 വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.
∙ തുമ്പയിൽ ‘സ്പിൻ കെണി’
നേരത്തെ, പഞ്ചാബിന്റെ ആദ്യ ഇന്നിങ്സ് 194 റൺസിനാണ് അവസാനിച്ചത്. ഇടംകൈ സ്പിന്നറായ ആദിത്യ സർവതേയും ഓഫ് സ്പിന്നറായ ജലജ് സക്സേനയും 5 വിക്കറ്റുകൾ വീതം പങ്കിട്ടെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ലീഡ് ലക്ഷ്യമാക്കിയിറങ്ങിയ കേരളവും പക്ഷേ സ്പിൻ കെണിയിൽ വീണു. 6 വിക്കറ്റുകളും പിഴുതത് ലെഗ് സ്പിന്നർ മായങ്ക് മാർക്കണ്ഡെ. സ്പിൻ സമ്മർദം മുതലാക്കി പേസർ ഗുർണൂർ ബ്രാറും 3 വിക്കറ്റ് വീഴ്ത്തി. 38 റൺസ് എടുത്ത മുഹമ്മദ് അസ്ഹറുദീനാണ് കേരളത്തിന്റെ ടോപ് സ്കോറർ. വൈകിട്ട് ചായക്ക് തൊട്ടുമുൻപ് കേരള ഇന്നിങ്സ് 179 റൺസിൽ അവസാനിച്ചു.