സാധാരണക്കാർക്ക് 45 ദിവസം ഭക്ഷണം, മെഹന്ദിക്കും താരങ്ങളുടെ നീണ്ടനിര; ഇങ്ങനൊരു വിവാഹം ഇതാദ്യം

0

മുകേഷ് അംബാനിയുടെ മുംബൈയിലെ വീടായ ആന്റീലയില്‍ പൂജാ ചടങ്ങോടെയാണ് ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹഘോഷത്തിന് തുടക്കം കുറിച്ചത്. അതിനുശേഷം ഗുജറാത്തികളുടെ പരമ്പരാഗത ചടങ്ങായ മാമേരു നടന്നു. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെട്ട സംഗീതും ഹല്‍ദിയും മെഹന്ദിയുമെല്ലാം പ്രീ വെഡ്ഡിങ് ആഘോഷത്തിന്റെ ഭാഗമായി. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ഗര്‍ബ നൈറ്റും ഗ്രഹ് ശാന്തി പൂജയും മുഹൂര്‍ത്ത് പൂജയും ശിവ ശക്തി പൂജയും വിവാഹത്തോട് അനുബന്ധിച്ചുണ്ടായിരുന്നു.

ഇതിനോടൊപ്പം സാധാരണക്കാര്‍ക്കായി 45 ദിവസത്തെ ഭക്ഷണവും അംബാനി കുടുംബം ഒരുക്കി. ആന്റീലിയയ്ക്ക് പുറത്ത് സജ്ജീകരിച്ച പ്രത്യേക പന്തലിലാണ് എല്ലാ ദിവസവും ഭക്ഷണം വിതരണം ചെയ്തത്. പനീര്‍ ബട്ടര്‍ മസാലയും പൂരിയും മസാലച്ചോറും തൈരുമാണ് സാധാരണക്കാര്‍ക്കായി വിളമ്പിയത്. ആഘോഷത്തിന്റെ ഭാഗമായി ദൈവത്തിന് നന്ദി പറയുകയും ആളുകളെ സേവിക്കുകയും ചെയ്യുന്ന ‘ബംഡാര’ എന്ന പേരിലറിയപ്പെടുന്ന സമൂഹ ഭക്ഷണ വിതരമാണ് അംബാനി കുടുംബം സംഘടിപ്പിച്ചത്.

ഹല്‍ദിയും സംഗീതും പോലെ മെഹന്ദി ചടങ്ങിനും ബോളിവുഡിലെ നിരവധി സെലിബ്രിറ്റകള്‍ ആന്റീലിയയിലെത്തി. സഞ്ജയ് ദത്ത്, രണ്‍വീര്‍ സിങ്ങ്, എംഎസ് ധോനി, ഭാര്യ സാക്ഷി ധോനി, ജാന്‍വി കപൂര്‍, അനന്യ പാണ്ഡെ, അറ്റ്‌ലി, ഭാര്യ പ്രിയ, കൈലാഷ് ഖേര്‍, മാനുഷി ഛില്ലര്‍ തുടങ്ങിയവരെല്ലാം മൈലാഞ്ചിക്കല്ല്യാണത്തിനെത്തി. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും ചടങ്ങില്‍ പങ്കെടുത്തു.

നീല നിറത്തിലുള്ള ലെഹങ്ക ചോളിയാണ് മെഹന്ദി ചടങ്ങില്‍ അനന്യയുടെ ഔട്ട്ഫിറ്റ്. പല നിറങ്ങള്‍ കൂടിച്ചേരുന്ന ലെഹങ്കയാണ് ജാന്‍വി ധരിച്ചത്. ജാന്‍വിക്കൊപ്പം കാമുകന്‍ ശിഖര്‍ പഹാരിയയുമുണ്ടായിരുന്നു. കേരള സ്റ്റൈല്‍ സ്വര്‍ണക്കരയുള്ള മുണ്ടും ഓഫ് വൈറ്റ് ജുബ്ബയുമായിരുന്നു അറ്റ്‌ലീയുടെ വേഷം. മഞ്ഞ നിറത്തിലുള്ള സാരിയായിരുന്നു ഭാര്യ പ്രിയ ധരിച്ചത്.

ഐവറി നിറത്തിലുള്ള ഡിസൈനര്‍ ജുബ്ബ ധരിച്ചാണ് രണ്‍വീര്‍ ചടങ്ങിനെത്തിയത്. ഗര്‍ഭിണായ ഭാര്യ ദീപിക പദുക്കോണ്‍ ചടങ്ങില്‍ പങ്കെടുത്തില്ല. പേസ്റ്റല്‍ പര്‍പ്പ്ള്‍ നിറത്തിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിരുന്നു സാക്ഷി സിങ്ങ് ധോനി. കറുപ്പ് നിറത്തിലുള്ള കുര്‍ത്തയും പാന്റുമായിരുന്നു ധോനി ധരിച്ചത്. ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന സാരിയായിരുന്നു മുന്‍ ലോകസുന്ദരിയായ മാനുഷി ഛില്ലറുടെ വേഷം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *