ഫുട്പാത്തിൽ ഉറങ്ങിയവർക്ക് മീതെ ട്രക്ക് കയറി; 3 മരണം, ഡ്രൈവർക്കായി അന്വേഷണം
ശാസ്ത്രി പാർക്ക്∙ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ഉറങ്ങിക്കിടന്നവർക്കു മീതെ നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞുകയറി 3 പേർ മരിച്ചു. മെട്രോ സ്റ്റേഷനോട് ചേർന്നുള്ള മാർക്കറ്റിലെ ഫുട്പാത്തിൽ കിടന്നവരാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ ബിഹാർ സ്വദേശി മുഹമ്മദ് ജാക്കിറിനെ (35) മാത്രമാണ് തിരിച്ചറിഞ്ഞത്.
ചെറിയ ജോലികൾ ചെയ്ത് ഡൽഹിയിൽ കഴിഞ്ഞിരുന്ന ഇയാൾ പതിവായി ഇവിടെയാണ് ഉറങ്ങിയിരുന്നതെന്നു സുഹൃത്തുക്കൾ പറഞ്ഞു. പുലർച്ചെ 4.30നാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മുഷ്താഖ് (35), കമലേഷ് (36) എന്നിവരെ ജെപിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനു പിന്നാലെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.
ട്രക്കിന്റെ പിന്നിൽ നിന്നഴിഞ്ഞുവീണ കയർ കാലിൽ കുരുങ്ങിയ 2 പേരെ കുറച്ചുദൂരം വലിച്ചിഴച്ചെങ്കിലും ഇവർക്കു കാര്യമായ പരുക്കേറ്റില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന ജെയിനുൾ എന്ന യുവാവ് പറഞ്ഞു. ഡ്രൈവറെ കണ്ടെത്താൻ ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും തിരച്ചിൽ നടക്കുന്നുണ്ടെന്ന് ഡിസിപി ജോയ് ടിർക്കി പറഞ്ഞു.