നാടൻകലാകാരൻ ബാലൻ പൊയിൽക്കാവ് അന്തരിച്ചു

കോഴിക്കോട്: പ്രകൃതിയിൽ നിന്ന് കണ്ടെത്തിയ നിസാര വസ്തുക്കളിൽ പോലും ‘ജീവൻ’ കണ്ടെത്തി വിസ്മയിപ്പിച്ച ഫോക്ലോർ അവാർഡ് ജേതാവ് ബാലൻ പൊയിൽക്കാവ് വിടവാങ്ങി. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തിയിരുന്ന ഈ സാധാരണക്കാരൻ, കരകൗശല വിദഗ്ധനും, കുതിരക്കോലം എന്ന പ്രാചീന നാടൻ കലാരൂപത്തിൻ്റെ അവസാന കണ്ണിയുമായിരുന്നു. ബാലുശേരിയിൽ വച്ചുണ്ടായ ഒരു വാഹനാപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്.
ദിവസവും കൂലിപ്പണിക്ക് പോയിരുന്ന ബാലൻ, ഒഴിവുസമയങ്ങളിൽ കുരുത്തോലയും പാളയും ഉപയോഗിച്ച് കുതിരത്തല കെട്ടി, തുടി കൊട്ടി ആടുന്ന കുതിരക്കോലം എന്ന കലാരൂപത്തിലൂടെയാണ് നാട്ടുകാരുടെ മനസ്സിൽ ഇടം നേടിയത്. ശ്രീരാമൻ യുദ്ധം ജയിച്ചതിൻ്റെ ആഹ്ലാദത്തിൽ ക്ഷേത്രാങ്കണങ്ങളിൽ കെട്ടിയാടുന്ന ഈ കലാരൂപം ഇപ്പോൾ ബാലൻ്റെ വിയോഗത്തോടെ പൂർണമായും അന്യംനിന്നുപോകുമോ എന്ന ആശങ്കയിലാണ് നാടൻ കലാപ്രവർത്തകർ. ഈ കലയെക്കുറിച്ച് അറിയുന്നവരും അവതരിപ്പിക്കുന്നവരും ഇപ്പോൾ വളരെ കുറവാണ്.
‘തൊണ്ടിലും ചകിരിയിലും കല്ലിലും വേരിലുമെല്ലാം ഓരോ രൂപങ്ങളുണ്ട്’ എന്ന് വിശ്വസിച്ചിരുന്ന ബാലൻ, പ്രകൃതിയിലെ ഓരോ വസ്തുവിലും സൗന്ദര്യവും കലയും കണ്ടെത്തി. കരിങ്കല്ലിന് കണ്ണുകളും വാലും നൽകി എലിയെയും, ദിശ മാറ്റിയാൽ തവളയെയും അദ്ദേഹം നിർമിച്ചു. തൊണ്ടിൽ നിന്ന് പക്ഷികളും മൃഗങ്ങളും ആമയും തോണിയും ഉമ്മൻചാണ്ടിയുടെ രൂപവുമെല്ലാം ബാലൻ്റെ കരവിരുതിൽ വിരിഞ്ഞു. ഈ കലാസൃഷ്ടികൾക്ക് ലഭിച്ച ഫോക്ലോർ അവാർഡ് അദ്ദേഹത്തിന് ലഭിച്ച അർഹമായ അംഗീകാരമായിരുന്നു.
എഴുപത് വയസ്സോടടുത്തിട്ടും ഊർജസ്വലനായിരുന്ന ബാലൻ കേവലം ഒരു കലാകാരൻ മാത്രമല്ല, ധീരനും മനുഷ്യസ്നേഹിയുമായിരുന്നു. വെള്ളത്തിൽ അഭ്യാസം കാണിക്കുന്നതിൽ വിദഗ്ധനായിരുന്ന അദ്ദേഹം, തൻ്റെ ജീവിതത്തിനിടെ കിണറ്റിൽ വീണ മൂന്നുപേരെയും ഒഴുക്കിൽപ്പെട്ട ഒരു പെൺകുട്ടിയെയും ഒരു പശുവിനെയും സാഹസികമായി രക്ഷിച്ചിട്ടുണ്ട്.