ഫ്‌ലാഗ് മീറ്റിങ്ങിന് പാക് സൈന്യം എത്തിയില്ല: ജവാനെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു

ന്യൂഡല്‍ഹി: അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്നതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ തടവിലാക്കിയ ഇന്ത്യന്‍ ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ഫ്‌ലാഗ് മീറ്റിങ്ങ് നടത്തി ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 182 ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പികെ സിങിനെയാണ് പാക് സൈന്യം പിടികൂടിയത്.
പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറിലെ അതിര്‍ത്തിയിൽ വെച്ചായിരുന്നു സംഭവം. കർഷകരെ സഹായിക്കാൻ പോയ യുപി സ്വദേശിയാ ജവാനെയാണ് പാക് സൈന്യം തടഞ്ഞുവെച്ചത്. അതിർത്തിക്കും സീറോ ലൈനിനും ഇടയിലുള്ള മേഖലയിലായിരുന്നു ജവാൻ. കഠിനമായ ചൂട് താങ്ങാനാവാതെ സമീപത്തെ മരച്ചുവട്ടിലേക്ക് തണൽ തേടി നീങ്ങിയപ്പോഴാണ്, രാജ്യാന്തര അതിർത്തി മുറിച്ചു കടന്നെന്ന പേരിൽ പാക്കിസ്ഥാൻ പട്ടാളം കസ്റ്റഡിയിലെടുത്തത്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ, ഫ്‌ലാഗ് മീറ്റിങ്ങിനായി പാക് സൈന്യം ഇന്നലെ രാത്രി എത്തിയില്ലെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഏറ്റുമുട്ടലിനിടെ അതിർത്തിയിൽ സൈന്യത്തിന് ജാഗ്രതാ നിർദേശം നൽകി. തയ്യാറെടുപ്പിന്‍റെ മുന്നറിയിപ്പ് നൽകി വ്യോമസേന ആക്രമണ്‍ എന്ന പേരിൽ വ്യോമാഭ്യാസം നടത്തി.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസം. സെന്‍ട്രൽ കമാന്‍ഡിൽ റഫാൽ, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് ഇന്ത്യൻ വ്യോമസേന വ്യോമാഭ്യാസം നടത്തിയത്.