5000 കോടി നല്‍കാമെന്ന് കേന്ദ്രം, 10,000 കോടി തന്നെ വേണമെന്ന് കേരളം : വാദം 21 ലേക്ക് മാറ്റി
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതിയുടെ നിര്‍ദേശം പരിഗണിച്ച് 5000 കോടി അനുവദിക്കാമെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഇത് കേരളം തള്ളുകയായിരുന്നു.നിബന്ധനകളോടെയാകും പണം അനുവദിക്കുക. കേരളത്തിന് 5000 കോടി ഈ മാസം നല്‍കാം. എന്നാൽ അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ 9 മാസത്തെ വായ്പാപരിധിയില്‍ നിന്നും ഈ തുക കുറയ്ക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
എന്നാല്‍ 5000 കോടി പോരെന്നും, 10,000 കോടിയെങ്കിലും അനുവദിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. വായ്പയെടുക്കാനുള്ള കേരളത്തിന്‍റെ അവകാശത്തെ ഹനിക്കുന്നതാണ് കേന്ദ്രത്തിന്‍റെ നിലപാടെന്നും കേന്ദ്രം സംസ്ഥാനത്തിന്‍റെ ചെലവ് നിയന്ത്രിക്കാന്‍ ഇടപെടുന്നു, ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കേരളം ചൂണ്ടിക്കാട്ടി.