ദുലീപ് ട്രോഫിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ അഞ്ച് മലയാളികള്‍

മുംബൈ:ദുലീപ് ട്രോഫി ദക്ഷിണ മേഖലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് അഞ്ച് മലയാളി താരങ്ങൾ. മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, ബേസിൽ എൻ പി, എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തിലക് വർമ്മ ക്യാപ്റ്റനായുള്ള ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കേരള താരം മുഹമ്മദ് അസറുദ്ദീനാണ്.റിസര്‍വ് താരമായാണ് ഏദൻ ആപ്പിൾ ടോമിനെ ഉൾപ്പെടുത്തിയത്. തെരഞ്ഞെടുക്കപ്പെട്ടവരെ കേരള ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു. രഞ്ജി ട്രോഫിയിൽ ചരിത്രത്തില്‍ ആദ്യമായി കേരളം ഫൈനലിൽ കടന്ന കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്‌ച വച്ചവരാണ് ഇവരെല്ലാം. കഴിഞ്ഞ രഞ്ജി സീസണിൽ മുഹമ്മദ് അസറുദ്ദീൻ ഒരു സെഞ്ച്വറിയടക്കം 635 റൺസ് നേടിയിരുന്നു. സെമി ഫൈനലിൽ ഗുജറാത്തിനെതിരെ നേടിയ 177 റൺസായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഇന്നിങ്സ്.
രണ്ട് സെഞ്ച്വറിയടക്കം 628 റൺസായിരുന്നു സൽമാൻ നിസാർ നേടിയത്. നിധീഷ് എംഡി 27 വിക്കറ്റും ബേസിൽ അഞ്ച് മത്സരത്തില്‍ നിന്ന് 16 വിക്കറ്റും നേടിയിരുന്നു. യുവ ഫാസ്റ്റ് ബൗളർമാരിൽ ഏറ്റവും പ്രതീക്ഷയുണർത്തുന്ന താരങ്ങളിൽ ഒരാളാണ് ഏദൻ ആപ്പിൾ ടോം.
ഓഗസ്റ്റ് 28നാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍ തുടങ്ങുന്നത്. സെപ്റ്റംബർ നാലാം തീയതിയാണ് ദക്ഷിണ മേഖലയുടെ ആദ്യ മത്സരം. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്‌തമായി ആറ് മേഖല ടീമുകൾ അണിനിരക്കുന്ന പഴയ ഫോർമാറ്റിലാണ് ഇത്തവണത്തെ മത്സരങ്ങള്‍. എൽ ബാലാജിയാണ് ദക്ഷിണ മേഖല ടീമിൻ്റെ പരിശീലകൻ.നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, നോർത്ത് ഈസ്റ്റ്, സെൻട്രൽ എന്നിങ്ങനെ ആറ് സോണുകളിലായി ടീമുകളെ വിഭജിച്ച് സോണൽ ഫോർമാറ്റുകളിൽ ടൂർണമെൻ്റ് നടത്തുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു. സൗത്ത് സോണിനെ തിലക് വർമ നയിക്കും. അതേസമയം വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ അവഗണിച്ചു. ടീമിൽ പോലും താരത്തിന് ഇടമില്ല.
തിലക് വര്‍മ്മ (ക്യാപ്റ്റന്‍, ഹൈദരാബാദ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വൈസ് ക്യാപ്റ്റന്‍, കേരളം), തന്‍മയ് അഗര്‍വാള്‍ (ഹൈദരാബാദ്), ദേവദത്ത് പടിക്കല്‍ (കര്‍ണാടക), മോഹിത് കാലെ (പോണ്ടിച്ചേരി), സല്‍മാന്‍ നിസാര്‍ (കേരളം), എന്‍ ജഗദീശന്‍ (തമിഴ്‌നാട്), ത്രിപുരാന വിജയ് (ആന്ധ്ര), ആര്‍ സായി കിഷോര്‍ (തമിഴ്‌നാട്), തനയ് ത്യാഗരാജന്‍ (ഹൈദരാബാദ്), വിജയ്‌കുമാര്‍ വൈശാഖ് (കര്‍ണാടക), നിധീഷ് എംഡി (കേരളം), റിക്കി ഭുയി (ആന്ധ്ര), ബേസില്‍ എന്‍പി (കേരളം), ഗുര്‍ജപ്‌നീത് സിങ് (തമിഴ്‌നാട്), സ്നേഹല്‍ കൗതങ്കര്‍ (ഗോവ) എന്നിവരാണ് 2025 ലെ കപ്പിനായുള്ള പോരാട്ടത്തിൽ അണിനിരക്കുക.
ഇന്ത്യയിലെ ഒരു ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരമാണ് ദുലീപ് ട്രോഫി . മുൻ ക്രിക്കറ്റ് താരം ദുലീപ്‌സിങ്‌ജിയുടെ പേരിലാണ് ഈ മത്സരം അറിയപ്പെടുന്നത്.