കോടതി വിധിച്ച അഞ്ച് ലക്ഷം നല്കിയില്ല /എതിർകക്ഷിയ്ക്ക് വാറണ്ട് അയക്കാൻ ഉത്തരവ്
തൃശൂർ: ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ടപരിഹാരം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ വാറണ്ട് അയക്കാൻ ഉത്തരവ്.തൃശൂർ മുണ്ടൂർ കുന്നത്തുള്ളി വീട്ടിൽ ബാബു.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്.പേരാമംഗലത്തുള്ള ടി.എസ്.രാമകൃഷ്ണനെതിരെയാണ് ഹർജി.
വാർക്കയുടെ പണിക്ക് ശേഷം പല ഭാഗങ്ങളിലും ചിന്നൽ രൂപപ്പെടുകയും വീട് ചോർന്നൊലിക്കുകയും ചെയ്തതിനെത്തുടർന്ന് നൽകിയ ഹർജിയിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുവാൻ ഉപഭോക്തൃകോടതി വിധിക്കുകയായിരുന്നു.
എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി നൽകി. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ നല്കാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട്.
ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്,ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, എതിർ കക്ഷിയെ അറസ്റ്റ് ചെയ്തു ഹാജരാക്കുവാൻ ആവശ്യപ്പെട്ട് വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.