ഒമാനിൽ വാഹനാപകടം ; അഞ്ച് പേർ മരിച്ചു ; 11 പേർക്ക് പരിക്ക്

മസ്കറ്റ്: ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചപകടം. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോഫാർ ഗവർണറേറ്റിൽ മഖ്ഷാനിന് ശേഷമുള്ള സുൽത്താൻ സെയ്ദ് ബിൻ തൈമുർ റോഡിലാണ് അപകടം ഉണ്ടായതെന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ പ്രാദേശിക സമയം ഏഴ് മണിയോടെയാണ് സംഭവം. മരിച്ചവരിൽ രണ്ട് പേർ ഒമാൻ പൗരന്മാരും 3 പേർ യുഎഇ പൗരന്മാരും ആണ്. കൂടാതെ അഞ്ച് കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതിൽ രണ്ട് ഒമാനികളും ഒൻപത് യുഎഇ പൗരന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ മിക്കവരുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.അപകടത്തിന്റെ വിവരം ലഭിച്ച ഉടൻ തന്നെ അടിയന്തിര സംഘം സംഭവ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയതായും ചെയ്തു. അപകടത്തിൽ അന്വേഷണം നടന്നുവരികയാണ്.