മണിപ്പൂരിലെ പുതിയ ഏറ്റുമുട്ടലുകളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു, റോക്കറ്റ് ആക്രമണം വംശീയ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നു

0

ഇംഫാൽ∙ മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ സംഘർഷത്തിൽ 5 പേർ കൊല്ലപ്പെട്ടു. ആയുധധാരികളായ 4 പേരും ഒരു സാധാരണക്കാരനുമാണു കൊല്ലപ്പെട്ടതെന്ന് മണിപ്പുർ പൊലീസ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. വെള്ളിയാഴ്ച മണിപ്പുർ മുൻ മുഖ്യമന്ത്രിയുടെ ബിഷ്ണുപുരിലെ വീടിനുനേരെ ഉൾപ്പെടെയുണ്ടായ റോക്കറ്റാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണു ജിരിബാമിൽ വീണ്ടും ഏറ്റുമുട്ടൽ തുടങ്ങിയത്.

വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമികള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളെ വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണു വിവരം. ഇതേത്തുടർന്നുണ്ടായ വെടിവയ്പ്പിലാണു 4 ആയുധധാരികൾ കൊല്ലപ്പെട്ടത്. കുക്കി–മെയ്തെയ് ഗോത്രങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമാണു കൊലപാതകങ്ങളെന്നും സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

മേയ് 3 മുതൽ മണിപ്പുരിൽ ആരംഭിച്ച വംശീയ സംഘർഷം കഴിഞ്ഞ 5 ദിവസമായി വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. കലാപകാരികൾ ഡ്രോണുകളും റോക്കറ്റുകളുമടക്കം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആക്രമണം തുടങ്ങിയത് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഒന്നരവർഷമായി തുടരുന്ന അക്രമത്തിൽ ഇതുവരെ ഇരുനൂറിലേറെപ്പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനുപേർ ഭവനരഹിതരാകുകയും ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *