5 ദിവസം കൂടി കനത്ത മഴ തുടരും; 2 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്ന് വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് കേരളത്തിൽ അതീവ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ശക്തമായ മഴയിൽ ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ശക്തമായ തിരമാലകൾക്കും കനത്ത കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലയും ജാഗ്രത പുലർത്തണം.