അഞ്ചുദിവസം ചുട്ടുപൊള്ളും: 9 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിൽ താപനില ഇനിയും വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 9 ജില്ലകളിൽ താപനില വർദ്ധിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. താപനില ഉയരുന്നതിന്റെ സാഹചര്യത്തിൽ കൊല്ലം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നു മുതൽ മാർച്ച് 31 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശ്ശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിൽ നിരവധി ജാഗ്രതാ നിർദേശങ്ങളും കാലാവസ്ഥാവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.