അഞ്ചോളം ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതി അറസ്റ്റിൽ

കരുനാഗപ്പള്ളി: വധശ്രമം അടക്കം അഞ്ചോളം ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുറ്റവാളി ഒടുവിൽ പോലീസിന്റെ പിടിയിലായി. പടിഞ്ഞാറേകല്ലട വിളന്തറ ജീന ഭവനിൽ പോൾ തോമസ് മകൻ പ്രിൻസ്(25) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളിയിലെ പോളീടെക്നിക്ക് കോളേജിലെ വിദ്യാർത്ഥികളായ പ്രണവും അൻസിലും തമ്മിൽ 2024 നവംബർ മാസം തർക്കമുണ്ടാവുകയും ഈ വിരോധത്തിൽ പ്രണവും പ്രതിയായ പ്രിൻസും ഉൾപ്പെട്ട സംഘം കരുനാഗപ്പള്ളി ജീവാ ഗ്രൗണ്ടിൽ കളിച്ചുകൊണ്ട് നിന്ന അൻസിലിനെയും സുഹൃത്തുകളെയും ആക്രമിക്കുകയും, ആക്രമണം കണ്ട് പിടിച്ചുമാറ്റാൻ എത്തിയ സമീപവാസിയായ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യ്തിരുന്നു. സംഭവ ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ തമിഴ്‌നാട് ഹൊസൂറിൽ നിന്നുമാണ് കരുനാഗപ്പള്ളി പോലീസ് സാഹസികമായി പിടികൂടിയത്. ഈ കേസിൽ ഉൾപ്പെട്ട ഇയാളുടെ കുട്ടാളികളായ മറ്റ് പ്രതികളെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. പിടിയിലായ പ്രിൻസ് ശാസ്താംകോട്ട സ്റ്റേഷനിൽ വധശ്രമം അടക്കം മൂന്നു കേസുകളിലും പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി സ്റ്റേഷനിൽ ഹൈവേ കവർച്ചയടക്കം കേസുകളിലും ഉൾപ്പെട്ട ശേഷം ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. അന്വേഷണത്തിൽ ഇയാൾക്കെതിരെ നേരത്തെ ശൂരനാട്, ചവറ തെക്കുംഭാഗം എന്നീ സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുള്ളതായ് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു വി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, രവിചന്ദ്രൻ, സിപിഓ മാരായ സരൺ തോമസ്, റിയാസ്, രതീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്