നൂറനാട് പടനിലത്ത് ഫിറ്റ്നസ്  സെൻ്റർ രാസ ലഹരി ഇടപാട് – MDMA വിൽപ്പന നടത്തിയ ആളും ഇടനിലക്കാരനും പിടിയിൽ

0
PADANILAM MDMA
ആലപ്പുഴ : ജില്ലയിൽ ലഹരി മാഫിയക്കെതിരെ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനു കുമാറിൻ്റെ മേൽനോട്ടത്തിൽ കഴിഞ്ഞ ഒക്ടോബർ മാസം പതിനെട്ടാം തീയതി നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പടനിലം ഭാഗത്തുള്ള ജിംനേഷ്യം നടത്തിപ്പുകാരന്റെ വീട്ടിൽ പരിശോധന നടത്തി 47.37 ഗ്രാം MDMA പിടികൂടിയിരുന്നു. നൂറനാട് വില്ലേജിൽ പാലമേൽ മുറിയിൽ കൈലാസം വീട്ടിൽ  അഖിൽ നാഥ് . ജി (31) എന്നയാളെയാണ് അന്ന് നടത്തിയ പരിശോധനയിൽ നൂറനാട് പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് .സി .വി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം ബാംഗ്ലൂർ നഗരത്തിൽ പോയി രാസലഹരി വാങ്ങിക്കൊണ്ടു വന്ന കൂട്ടാളിയായ നൂറനാട് പാറ്റൂർ മുറിയിൽ വെട്ടത്തയ്യത്ത് വീട്ടിൽ വിൻരാജ് (28) എന്ന പ്രതിയെ അടുത്ത ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാർ അറസ്റ്റ് ചെയ്തിരുന്നു. പടനിലം ഭാഗത്ത് പവർഹൗസ് എന്ന പേരിൽ അഖിൽ നാഥ് നടത്തിവരുന്ന ജിംനേഷ്യത്തിലെ ട്രെയിനർ ആയിരുന്നു വിൻ രാജ്. വർഷങ്ങളായി രാസലഹരിക്ക് അടിമകളായ ഇവർ ജിംനേഷ്യത്തിലെത്തുന്ന യുവാക്കൾക്കും യുവതികൾക്കും വിൽപ്പന നടത്തുന്നതിനായിട്ടാണ് രാസലഹരി ശേഖരിച്ച് വച്ചിരുന്നത്.
ഇവരുടെ നിരന്തരമുള്ള ബാംഗ്ലൂർ എറണാകുളം യാത്രകൾ ആലപ്പുഴ ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിനു ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിൽ അഖിൽ നാഥ് എംഡിഎംഎ വാങ്ങിയത് ബാംഗ്ലൂർ മത്തിക്കരെ എന്ന സ്ഥലത്തുള്ള വിൻരാജിന്റെ കൂട്ടുകാരൻ മുഹമ്മദ് സഹൽ എന്ന ആളിന്റെ ഇടപാടിൽ ആണെന്ന് ബോധ്യപ്പെട്ടിരുന്നു. അഖിൽ നാഥ് അറുപതിനായിരം രൂപ  മുഹമ്മദ് ജാബിദിന് കൈമാറിയാണ് എംഡിഎംഎ കച്ചവടം ഉറപ്പിച്ചത്.  ഇടനില നിന്ന മുഹമ്മദ് സഹൽ 3000 രൂപയും കൈപ്പറ്റിയിരുന്നു. തുടർന്ന് അന്വേഷണസംഘം ബാംഗ്ലൂർ നഗരത്തിലെ ഈ വില്പനക്കാരെ കണ്ടെത്തി. നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ  നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ വെള്ളിയാഴ്ച ബാംഗ്ലൂരിലേക്ക് തിരിച്ചു. ബാംഗ്ലൂർ മത്തിക്കരെ എന്ന സ്ഥലത്ത് ഇവരുടെ താവളം കണ്ടെത്തി. ശനിയാഴ്ച അർദ്ധരാത്രിയോടെ നഗരത്തിലെ പ്രധാന എംഡിഎംഎ വിൽപ്പനക്കാരനായ കാസർഗോഡ് നെല്ലിക്കുന്ന് നാക്കര (തൈവളപ്പിൽ) വീട്ടിൽ മുഹമ്മദ് ജാബിദ് എൻ. എം (31) എന്നയാളെ അറസ്റ്റ് ചെയ്തു.
ബാംഗ്ലൂരിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിന് സമീപം തുണിക്കട നടത്തിയിരുന്ന ആളാണ് മുഹമ്മദ് ജാബിദ്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എംഡിഎംഎ എന്ന മാരക രാസ ലഹരി വസ്തു കഴിഞ്ഞ മൂന്നു വർഷമായി വിൽപ്പന നടത്തുന്നതിന്റെ പ്രധാന ഇടപാടുകാരനാണ് ഇയാൾ. 2014 വർഷത്തിൽ സ്വദേശത്ത് ഒരു റോബറി കേസിൽ പ്രതിയായതിനു ശേഷം 10 വർഷമായി ബാംഗ്ലൂരിൽ താമസിക്കുന്ന മുഹമ്മദ് ജാബിദ് ബാംഗ്ലൂരിൽ എംഡിഎംഎ നിർമ്മാണം നടത്തുന്ന ആഫ്രിക്കൻ സ്വദേശികളിൽ നിന്നാണ് ഹോൾസെയിൽ ആയി സാധനം വാങ്ങുന്നത്. ഇയാളെ പോലീസ് പിടികൂടുമ്പോൾ ഇയാളുടെ ഫോണിലേക്ക് ആവശ്യക്കാരുടെ നിരന്തരമായ മെസ്സേജുകൾ വന്നുകൊണ്ടിരിക്കുകയായിരുന്നു. അടുത്ത ഇടപാടിനുള്ള രാസലഹരി വസ്തു ശേഖരിച്ചു കൊണ്ടുവരാനുള്ള യാത്രയ്ക്കിടെയാണ് ഇയാൾ പോലീസ് വലയിലായത്. തുടർന്ന് രാത്രി തന്നെ ഇടനിലക്കാരനായ കോഴിക്കോട്, നീലേശ്വരം, ഓമശ്ശേരി, മാങ്ങാപ്പൊയിൽ വീട്ടിൽ മുഹമ്മദ് സഹൽ (22) എന്നയാളെയും അറസ്റ്റ് ചെയ്തു. ഇന്നലെ നൂറനാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- 2 മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദ് ജാബിദിനെയും മുഹമ്മദ് സഹലിനെയും തുടർന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി ബാംഗ്ലൂർ കേന്ദ്രീകരിച്ച് എംഡിഎംഎ നിർമ്മിക്കുന്ന സംഘത്തെ പറ്റി അന്വേഷണം നടത്തുന്നതാണ്.
നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിനൊപ്പം അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സിനു വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശരത്ത്.A, കലേഷ് .കെ ആലപ്പുഴ ഡാൻസാഫ് സംഘത്തിലെ അംഗമായ ഗിരീഷ് ലാൽ വി.വി എന്നിവർ ചേർന്നാണ് ഈ പ്രതികളെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. ലഹരി മാഫിയക്കെതിരെ കേരള പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ ഡി- ഹണ്ടിന്റെ ഭാഗമായി കൂടുതൽ പരിശോധനകളും കരുതൽ തടങ്കൽ, വസ്തുവകകൾ കണ്ടു കെട്ടൽ അടക്കമുള്ള നടപടികളും തുടർന്നും ഊർജിതമായി നടത്തുന്നതാണ്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *