ചരിത്രത്തിൽ ആദ്യമായി പൂങ്കാവ് പള്ളിയുടെ കൈക്കാരനായിഒരു വനിത -സുജ അനിൽ

ആലപ്പുഴ: കൊച്ചി രൂപതയുടെ കീഴിലുള്ള പള്ളികളുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത കൈക്കാരൻ (പള്ളി ട്രസ്റ്റി) ചുമതലയേറ്റു. പ്രസിദ്ധ തീർഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് കത്തോലിക്കാ സഭയാണ് ചരിത്ര തീരുമാനം കൈക്കൊണ്ടത്. പള്ളിയുടെ നടത്തിപ്പ് കാര്യങ്ങളിലും സ്വത്തുവകകൾ കൈകാര്യം ചെയ്യുന്നതിനുമായി ഇടവകയിൽ നിന്നും പള്ളിവികാരിയെ സഹായിക്കുക എന്നതാണ് കൈക്കാരൻ്റെ പ്രധാന കർത്തവ്യം.
നാളിതുവരെ പുരുഷന്മാർ കൈയടക്കിവച്ചിരുന്ന മേഖലയിലേക്കാണ് സുജ അനിൽ എന്ന വനിത തെരഞ്ഞെടുക്കപ്പെട്ടത്. സോഷ്യോളജി ബിരുദധാരിയും പൊതുപ്രവർത്തകയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11ആം വാർഡ് മുൻ പഞ്ചായത്ത് അംഗവുമായിരുന്നു സുജ. തിരുവചനം സാക്ഷിയായാണ് സുജ അനിൽ സത്യപ്രതിജ്ഞ നിർവഹിച്ചത്.നിലവിൽ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ മൂന്ന് പുരുഷ കൈക്കാരന്മാരാണ് ഭരണ കാര്യങ്ങളിൽ പള്ളി വികാരിയെ സഹായിക്കുന്നത്. കൈക്കാരൻ്റെ ഒഴിവിലേക്ക് ഇടവക പ്രവർത്തങ്ങളിൽ സജീവമായ സുജയുടെ പേര് പള്ളി വികാരി സേവ്യർ ചിറമേൽ നിർദേശിക്കുകയായിരുന്നു. തീരുമാനം ഇടവകാംഗങ്ങൾ പിന്തുണയ്‌ക്കുകയും ചെയ്‌തു. കാലത്തിന് അനുസൃതമായ മാറ്റത്തിന് തുടക്കമായെന്ന് വികാരി സേവ്യർ ചിറമേൽ പറഞ്ഞു.