ആദ്യ മത്സരം ബുമ്ര നയിച്ചാൽ അദ്ദേഹം തുടരട്ടെ, രോഹിത് ശർമയ്ക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറേണ്ടതില്ല: തുറന്നടിച്ച് ഗാവസ്കർ
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നതെങ്കില്‍ പിന്നീടുള്ള കളികളിലും അങ്ങനെ തന്നെ തുടരണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ക്യാപ്റ്റൻ രോഹിത് ശർമ ഓസീസിനെതിരായ ആദ്യ മത്സരം കളിച്ചേക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ രോഹിത് ബോർഡർ– ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽനിന്നു വിട്ടുനിൽക്കുമെന്നാണു വിവരം. കളിക്കുമോയെന്ന കാര്യം ഉറപ്പില്ലെന്ന് രോഹിത് ശര്‍മ തന്നെ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയായിരിക്കും ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യയെ നയിക്കുക.
‘‘പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുകയെന്നത് ഒരു ക്യാപ്റ്റനെ സംബന്ധിച്ച് പ്രധാന കാര്യമാണ്. രോഹിത്തിന് പരുക്കേൽക്കുന്നതു പോലെയല്ല ഇവിടെ. മറ്റു കാരണങ്ങള്‍ കൊണ്ട് അദ്ദേഹം ഇല്ലെങ്കിൽ വൈസ് ക്യാപ്റ്റൻ സ്വാഭാവികമായും സമ്മർദത്തിലാകും. രോഹിത് പിന്നീടു തിരിച്ചെത്തിയാലും ക്യാപ്റ്റൻ സ്ഥാനം കൈമാറേണ്ടതില്ല. അദ്ദേഹം ക്യാപ്റ്റൻ ആകാതെ ടെസ്റ്റ് കളിക്കട്ടെ.’’ ‘‘ടെസ്റ്റ് പരമ്പരയിൽ ഓസീസിനെ 4–0ന് തോൽപിക്കൽ എളുപ്പമല്ല. അതിനു സാധിക്കില്ലെന്നാണ് എനിക്കു തോന്നുന്നത്. ഓസ്ട്രേലിയയിൽ പരമ്പര നേടാനാണ് ഇപ്പോൾ ശ്രമിക്കേണ്ടത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനേക്കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ട കാര്യമില്ല. പരമ്പര ഏതു രീതിയില്‍ അവസാനിച്ചാലും കളിക്കുക, ജയിക്കുക എന്നതായിരിക്കണം പ്രധാനം.’’– ഗാവസ്കർ വ്യക്തമാക്കി.