ഇന്ത്യയ്ക്ക് ആദ്യ മത്സരം; പരിശീലകൻ മനോളോ മാർക്വേസിന് കീഴിൽ :എതിരാളി മൗറീഷ്യസ്

0

 

ഹൈദരാബാദ്: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകച്ചുമതലയേറ്റെടുത്ത ശേഷം മനോളോ മാര്‍ക്വേസിന് ആദ്യ പരീക്ഷണം. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ ആദ്യമത്സരത്തില്‍ മൗറീഷ്യസാണ് എതിരാളി. ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാത്രി 7.30-നാണ് കിക്കോഫ്. സിറിയയാണ് ടൂര്‍ണമെന്റിലെ മൂന്നാം ടീം.

ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പരിശീലകനാണ് സ്പാനിഷുകാരനായ മനോളോ മാര്‍ക്വേസ്. വമ്പന്‍തുക മുടക്കാതെ ഹൈദരാബാദ് എഫ്.സി.യെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചാമ്പ്യരാക്കിയ തന്ത്രജ്ഞന്‍. മൗറീഷ്യസിനെതിരേ ഏത് രീതിയിലാകും മനോളയുടെ ഇന്ത്യന്‍ ടീം കളിക്കുകയെന്നറിയാനാണ് ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത്. 4-2-3-1 ആണ് സ്പാനിഷ് പരിശീലകന്റെ ഇഷ്ട ഫോര്‍മേഷന്‍. അതില്‍ നിന്ന് മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്.

സുനില്‍ ഛേത്രി കളം വിട്ടതോടെ സ്ട്രൈക്കന്‍ പൊസിഷന്‍ ഇന്ത്യക്ക് വെല്ലുവിളിയാണ്. മന്‍വീര്‍സിങ്ങിനെ ഏക സ്ട്രൈക്കറാക്കി കളിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ലാലിയന്‍ സുവാല ചാങ്തേയും ലിസ്റ്റണ്‍ കൊളാസോയും വിങ്ങര്‍മാരാകും. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ മലയാളി താരം സഹല്‍ അബ്ദുസമദാകും കളിക്കുന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ജീക്സന്‍ സിങ്ങും അപുയയും ആദ്യ ഇലവനിലെത്താനാണ് സാധ്യത. സുരേഷ് സിങ്ങും അനിരുദ്ധ് ഥാപ്പയും പകരക്കാരാകും. സെന്‍ട്രല്‍ ഡിഫന്‍സില്‍ അന്‍വര്‍ അലിയും രാഹുല്‍ ഭെക്കയുമാകും. വിങ്ബാക്കുകളായി സുഭാഷിഷ് ബോസിനെയും നിഖില്‍ പൂജാരിയെയും പരിഗണിക്കും. ഗോള്‍കീപ്പറായി ക്യാപ്റ്റന്‍ ഗുര്‍പ്രീത് സിങ് സന്ധുവുണ്ടാകും.

പ്രതിരോധം ഉറപ്പിച്ചുള്ള ആക്രമണരീതിയാണ് മനോളോ പിന്തുടരുന്നത്. വിങ്ങുകളിലൂടെ കൂടുതല്‍ ആക്രമണം വരും. അതിവേഗക്കാരായ ചാങ്തേയും ലിസ്റ്റണും പരിശീലകന്റെ ഗെയിംപ്ലാനിന് അനുയോജ്യരാണ്. മുന്നേറ്റത്തില്‍ മന്‍വീറിന്റെ പ്രകടനമാകും നിര്‍ണായകം.

2024-ല്‍ ഇന്ത്യന്‍ ടീമിന് ഒരു കളിയും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കളിച്ച ഏഴ് കളികളില്‍ അഞ്ചിലും തോറ്റു. രണ്ടെണ്ണം സമനിലയായി. മോശം പ്രകടനമാണ് ക്രൊയേഷ്യക്കാരന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പുറത്താകാന്‍ കാരണം. സൂപ്പര്‍ ലീഗ് ക്ലബ്ബ് എഫ്.സി. ഗോവയുടെ പരിശീലകനായി തുടരുമ്പോള്‍ത്തന്നെയാണ് മനോളോ ദേശീയ ടീമിന്റെ പരിശീലകച്ചുമതലയിലേക്ക് എത്തുന്നതും.മൗറീഷ്യസിനെതിരേ ഒരു മത്സരമാണ് ഇതിനുമുന്‍പ് ഇന്ത്യ കളിച്ചിട്ടുള്ളത്. 2017 ഓഗസ്റ്റ് 19-ന് നടന്ന കളിയില്‍ 2-1 ന് ഇന്ത്യ ജയിച്ചു. റോബിന്‍ സിങ്ങും ബല്‍വന്ത് സിങ്ങുമാണ് അന്ന് ഗോള്‍ നേടിയത്. ജാസണ്‍ ഫെരെ, ഔറിലയിന്‍ ഫ്രാങ്കോയിസ്, അഡ്രിയന്‍ ഫ്രാങ്കോയിസ്, ക്യൂന്റിന്‍ ലാല്‍സിങ് എന്നിവരാണ് മൗറീഷ്യസ് മുന്നേറ്റത്തില്‍ കളിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *