രാജ്യത്തെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിൻ 2027 പകുതിയോടെ പ്രവർത്തനസജ്ജമാകും

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിൻ 2027 പകുതിയോടെ പ്രവർത്തനസജ്ജമാകുമെന്ന് ഇൻ്റഗ്രൽ കോച്ച് ഫാക്‌ടറി (ഐസിഎഫ്) ജനറൽ മാനേജർ യു സുബ്ബ റാവു. ബിഇഎംഎൽ ലിമിറ്റഡ് ബെംഗളൂരു റെയിൽ കോച്ച് കോംപ്ലക്‌സിലാണ് കോച്ചുകളുടെ അവസാന ഘട്ട പണി നടക്കുന്നത്.
മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ബുള്ളറ്റ് ട്രെയിൻ കുതിച്ച് പായുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷമാണ് ബിഇഎംഎൽ ലിമിറ്റഡിന് എട്ട് കോച്ചുകള്‍ ഉള്‍പ്പെട്ട അതിവേഗ ബുള്ളറ്റ് ട്രെയിനിൻ്റെ കരാർ നൽകിയത്. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്‌ടറിയാണ് കരാർ നൽകിയത്.ഡിസൈൻ കൺസൾട്ടൻ്റുമായി ആഴ്‌ചതോറും ചർച്ചകൾ നടത്തി വരുന്നു. നൂതന സാങ്കേതികവിദ്യയിൽ നിർമാണം പുരോഗമിക്കുന്ന കോച്ചിൻ്റെ എയർടൈറ്റ്‌നെസ് വളരെ പ്രധാനമാണ്. കൂടാതെ പ്രൊപ്പൽഷൻ സിസ്റ്റത്തിനായി ഓർഡർ നൽകിയിട്ടുണ്ടെന്നും ഐസിഎഫ് ജനറൽ മാനേജർ യു സുബ്ബ റാവു പറയുന്നു. ആവശ്യമെങ്കിൽ കൂടുതൽ അതിവേഗ ട്രെയിനുകൾ നിർമിക്കാൻ ഐസിഎഫ് തയാറാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
പകൽ യാത്രയ്ക്ക് അനുയോജ്യമായ, കറങ്ങാവുന്ന സീറ്റുകളും ഇൻഫോടെയ്ൻമെൻ്റ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള ആധുനിക യാത്രാ സൗകര്യങ്ങൾ ഉള്ള ബുള്ളറ്റ് ട്രെയിൻ പൂർണമായും എയർ കണ്ടീഷൻ ചെയ്‌തതായിരിക്കും .ഹൈ-സ്‌പീഡ് റെയിൽ ഇടനാഴിയുടെ 21 കിലോമീറ്റർ ഭാഗം ഭൂഗർഭ പാതയായിരിക്കും.ഏഴ് കിലോമീറ്റർ തീരദേശവും അഞ്ച് കിലോമീറ്റർ പർവത തുരങ്കത്തിലൂടെയും കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ പരമാവധി വേഗത മണിക്കൂറിൽ 320 കിലോമീറ്ററായിരിക്കും.508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത ഗുജറാത്തിലെ സബർമതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൂച്ച്, സൂററ്റ്, ബിലിമോറ, വാപി, മഹാരാഷ്ട്രയിലെ ബോയ്‌സർ, വിരാർ, താനെ, മുംബൈ എന്നിവയുൾപ്പെടെ 12 സ്റ്റേഷനുകളിലൂടെ കടന്നുപോകും.കോറിഡോർ പദ്ധതി പ്രകാരം അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള ദൂരം സഞ്ചരിക്കാൻ വേണ്ട സമയം രണ്ട് മണിക്കൂർ 58 മിനിറ്റാണ്.ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകളിൽ വിശാലമായ ഇരിപ്പിടങ്ങൾ, വ്യക്തമായ സൂചനകൾ, ഉയർന്ന നിലവാരമുള്ള വിശ്രമമുറികൾ, നഴ്‌സറികൾ, ബാഗേജ് ലോക്കറുകൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 300 കിലോ മീറ്റർ വയഡക്‌ടുകൾ (ദൈര്‍ഘ്യമേറിയ മേൽപ്പാലങ്ങൾ) പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി നിർമാണ പുരോഗതി അറിയിച്ചിരിക്കുന്നത്.