‘ആദ്യവാതിൽ തുറന്നു, തമിഴ്നാടിനെ നയിക്കുന്ന പാർട്ടിയായി ഉയരും’; തമിഴക വെട്രി കഴകത്തിന് അംഗീകാരം

0

ചെന്നൈ∙ നടന്‍ വിജയ്‌യുടെ പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം. തമിഴക വെട്രി കഴകത്തിനാണ് അംഗീകാരം ലഭിച്ചത്. പാർട്ടി ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു. എല്ലാവരും തുല്യരാണെന്ന കാഴ്ചപ്പാടിൽ മുന്നോട്ടു പോകും. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കും.

ആദ്യവാതിൽ തുറന്നെന്നും, തമിഴ്നാട്ടിനെ നയിക്കുന്ന പാർട്ടിയായി ഉയരുമെന്നും വിജയ് പ്രതീക്ഷ പങ്കുവച്ചു. ഫെബ്രുവരിയിലാണ് തമിഴ് സൂപ്പർ താരം വിജയ്‌ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കരാർ ഒപ്പിട്ട സിനിമകൾ പൂർത്തിയാക്കിയ ശേഷം പൂർണമായും രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നറിയിച്ച നടൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ആർക്കും പിന്തുണ നൽകില്ലെന്നും വ്യക്തമാക്കിയിരുന്നു. അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുൾപ്പെടുത്തിയാണ് ‘തമിഴക വെട്രി കഴകം’ (തമിഴക വിജയ സംഘം) പ്രഖ്യാപിച്ചത്.

ആരാധക സംഘടനയുടെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിലെത്തിയാണ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഭരണത്തിലെ കെടുകാര്യസ്ഥത, അഴിമതി, ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയ സംസ്കാരം എന്നിവ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. 2021ൽ 9 ജില്ലകളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ആരാധക സംഘടന 115 സീറ്റുകളിൽ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *