ക്ഷേത്രത്തിൽ ആദ്യം: ഇന്ന് ഒരുക്കിയത് 7000 പേർക്കുള്ള ഭക്ഷണം’ ; ‘മുൻപ് പടക്കം പൊട്ടിച്ചത് കാവിനടുത്ത്

0

നീലേശ്വരം∙ അപകടം ഒരു വശത്തു നടക്കുമ്പോൾ മറുവശത്ത് ആഘോഷങ്ങൾ നടക്കുകയായിരുന്നുവെന്നാണ് കാസർകോട് നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ചു പുറത്തുവരുന്ന വിവരങ്ങൾ. തീർത്തും അശ്രദ്ധയോടെയാണു പടക്കം ക്ഷേത്ര കമ്മിറ്റിക്കാർ കൈകാര്യം ചെയ്തിരുന്നതെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നു. പടക്കം സൂക്ഷിച്ചതിന്റെ തൊട്ടടുത്ത് ആളുകൾ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ സ്ഥലപരിമിതി പ്രധാന ഘടകമായിരുന്നു.

ആദ്യമായാണ് ഈ ക്ഷേത്രത്തിൽ ഇത്രയും അടുത്ത് പടക്കങ്ങൾ പൊട്ടിക്കുന്നത്. മുൻ വർഷങ്ങളിലൊക്കെ സമീപമുള്ള കാവിന്റെ അടുത്താണ് പടക്കം പൊട്ടിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി ആളുകൾ നിൽക്കുന്നതിന്റെ വളരെ അടുത്തായാണ് തോറ്റത്തിനുവേണ്ടിയുള്ള പടക്കം പൊട്ടിച്ചത്. ഉത്തര കേരളത്തിൽ തുലാം പത്തു കഴിഞ്ഞ് ആദ്യം ഉത്സവം കൊടിയേറുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം. അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾ ഉത്സവത്തിനായി എത്തിയിരുന്നു. ഏഴായിരത്തോളം പേർക്ക് ഇന്ന് ഭക്ഷണം ഒരുക്കിയിരുന്നു. ചോറ് മാത്രമാണ് ഇന്ന് പകൽ ഉണ്ടാക്കാൻ ബാക്കിയുണ്ടായിരുന്നത്. ബാക്കിയെല്ലാം ഇന്നലെത്തന്നെയായിരുന്നു.

ആളുകൾ തിങ്ങിക്കൂടി നിൽക്കുന്നതിനിടയിൽ അപകടം ഉണ്ടായെങ്കിലും വലിയ ബഹളത്തിനിടയിൽ അപകടമാണ് ഉണ്ടായതെന്ന് മനസ്സിലാക്കാൻ പോലും പലർക്കും കഴിഞ്ഞിട്ടില്ല. മൈക്ക് വഴി അനൗൺസ്മെന്റ് കേട്ടാണ് പലരും അപകടമുണ്ടായെന്നതും ആളുകളോട് രക്ഷപ്പെടാൻ ആവശ്യപ്പെടുന്നതു കേട്ടതും. അതേസമയം, ജില്ലാ ഭരണകൂടവും, പൊലീസും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഉണർന്നു പ്രവർത്തിച്ചതുകൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചത്. രക്ഷാപ്രവർത്തനങ്ങൾ മിന്നൽ വേഗത്തിൽ നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *