കുവൈറ്റ് അപകടം: കാരണം സെക്യൂരിറ്റി കാബിനില്‍ നിന്ന് തീ പടര്‍ന്നത്
കുവൈറ്റ് സിറ്റി: തെക്കന്‍ കുവൈറ്റിലെ മംഗഫില്‍ കമ്പനി ജീവനക്കാര്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെക്യൂരിറ്റf കാബിനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാക്കി. ഇതോടെ സുരക്ഷിതമല്ലാതെ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരുകയായിരുന്നു.
അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. 25 മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. 23 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 40 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒമ്പത് പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്നതില്‍ കൂടുതല്‍ പേരും മലയാളികളാണ്.
തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം, എംബാം നടപടികളാണ് പുരോഗമിക്കുന്നത്. കുവൈറ്റ് സര്‍ക്കാര്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്നാണ് സൂചന. ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുകയെന്നും നോര്‍ക്ക റൂട്‌സ് വ്യക്തമാക്കിയിട്ടുണ്ട്.