കരുനാഗപ്പള്ളിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.
കൊല്ലം: അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചുകത്തിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. പൊള്ളലേറ്റ അഴീക്കല്‍ പുതുവല്‍ സ്വദേശി ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഷൈജാമോളുടെ വീട്ടിലെത്തിയാണ് ഷിബു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
സംഭവസമയത്ത് വീട്ടില്‍ ഷൈജാമോളും മാതാപിതാക്കളുമാണ് ഉണ്ടായിരുന്നത്. വീട്ടിലെത്തിയ ഷിബുവും ഷൈജാമോളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നാലെ ഷിബു ഷൈജാമോളുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. മാതാപിതാക്കള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. പിന്നാലെയാണ് ഷിബുവും സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
നാട്ടുകാര്‍ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പൊള്ളലേറ്റ ഷിബു ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് മരണത്തിന് കീഴടങ്ങി. 80 ശതമാനത്തോളം പൊള്ളലേറ്റ ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇരുവരും നാലുവര്‍ഷത്തോളമായി ഒരുമിച്ച് കഴിയുകയായിരുന്നു. മരിച്ച ഷിബു വിസ തട്ടിപ്പടക്കമുള്ള വിവിധ കേസുകളില്‍ പ്രതിയാണ്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും അകല്‍ച്ചയിലാവുകയും ചെയ്തതായി പോലീസ് പറയുന്നു. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.