യുവാവിന്റെ കൈപ്പത്തി തകർന്നു ; വിഴിഞ്ഞത്ത് ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു

0

വിഴിഞ്ഞം: ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത നിലയില്‍ മാംസഭാഗങ്ങള്‍ വേര്‍പ്പെട്ടുപോയതിനെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി.

മുല്ലുര്‍ തലയ്ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ(20) വലതുകൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടം.

നയനും സുഹൃത്തുക്കളും വീട്ടുമുറ്റത്ത് വിവിധ തരത്തിലുളള പടക്കങ്ങള്‍ പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഒരു അമിട്ട് കത്തിച്ച് റോഡിലേക്ക് എറിഞ്ഞെങ്കിലും ഇത് പൊട്ടിയിരുന്നില്ല. തുടര്‍ന്ന് എല്ലാവരും മറ്റുപടക്കങ്ങള്‍ പൊട്ടിച്ചു. ഈ സമയത്താണ് റോഡിലൂടെ ലോറി കടന്നുവരുന്നത് നയന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഓടിച്ചെന്ന് നേരത്തെ പൊട്ടാതെ കിടന്നിരുന്ന അമിട്ട് റോഡില്‍നിന്ന് മാറ്റാന്‍ ശ്രമിക്കവെ ഇത് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി ചിന്നിച്ചിതറി.

ഉടന്‍ തന്നെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന്‌ നയന്‍ പ്രഭാതിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, വേര്‍പ്പെട്ട ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തനിലയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ വലതുകൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. യുവാവ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *