കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തീപിടുത്തം: മൂന്നുപേർക്ക് പരിക്ക്.
മുംബൈ:ഇന്ന് രാവിലെ ദക്ഷിണ മുംബൈയിലെ കൽബ ദേവി , ചിറ ബസാറിലെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കുടുങ്ങിയ മറ്റ് 25 പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി മുതിർന്ന മുംബൈ ഫയർ ബ്രിഗേഡ് (എംഎഫ്ബി) ഉദ്യോഗസ്ഥർ പറഞ്ഞു.
താക്കൂർ ദ്വാറിന് സമീപം ബി ജെ മാർഗിൽ സ്ഥിതി ചെയ്യുന്ന മൂന്ന് നിലകളുള്ള ഓഷ്യാനിക് ബിൽഡിംഗിൽ ഇന്ന് രാവിലെയാണ് തീപ്പിടുത്തമുണ്ടായത് .കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ഉണ്ടായ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേർക്കാണ് പരിക്കേറ്റത്.
തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും വൈദ്യുത ഷോർട്ട് സർക്യൂട്ടായേക്കാം അപകട കാരണമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കെട്ടിടത്തിൻ്റെ ടെറസിൽ കുടുങ്ങിയ 25-30 പേരെ രക്ഷപ്പെടുത്തിയതായി മുംബൈയിലെ ചീഫ് ഫയർ ഓഫീസർ (സിഎഫ്ഒ) രവീന്ദ്ര അംബുൾഗേക്കർ പറഞ്ഞു. എന്നാൽ, കോണിപ്പടിയിൽ നിന്ന് ഇറങ്ങിയ മൂന്ന് പേർ വീണ് പരിക്കേറ്റു. കാർത്തിക് മജ്ഹി (24), ഉപ്പൽ മണ്ഡൽ (26), ദീപേന്ദ്ര മണ്ഡൽ (19) എന്നിവർക്കാണ് പരിക്കേറ്റത്.
“പലരെയും ടെറസിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തിയപ്പോൾ, കെട്ടിടത്തിൻ്റെ പിന്നിൽ നിന്ന് പടികൾ കയറുന്ന മൂന്ന് പേർ രക്ഷപ്പെടുന്നതിനിടെ തെന്നിവീണ് പരിക്കേറ്റു എന്നും അവർക്ക് പൊള്ളലേറ്റ പരിക്കുകളൊന്നും പറ്റിയിട്ടില്ല.”എന്നും ഫയർ ഓഫീസർ പറഞ്ഞു.