സ്യൂട്ട് കെയ്സിൽ ഭാര്യയുടെ മൃതദേഹം : ഭർത്താവ് അറസ്റ്റിൽ

ബറേലി: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന വലിയ സ്യൂട്ട് കെയ്സിൽ നിന്നും 31കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി ആത്മഹത്യ ചെയ്തതാണെന്ന് ഭർത്താവ് പറയുന്നുണ്ടെങ്കിലും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഭയന്നിട്ടാണ് മൃതദേഹം സ്യൂട്ട്കെയ്സിൽ അടച്ചതെന്നാണ് യുവാവിന്റെ നിലവിലെ മൊഴി.
ഉത്തർപ്രദേശിലെ ബറേലിയിലെ തിൽഹാർ സ്വദേശിയായ ബാങ്ക് റിക്കവറി ഏജന്റാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി താൻ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി വീട്ടിലെത്തിയപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു എന്ന് ഇയാൾ പറയുന്നു. വാതിൽ ബലമായി തുറന്ന് അകത്ത് കടന്നമ്പോൾ ഭാര്യ സവിത ദേവിയെ (31) മുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഭയന്നുപോയ താൻ മൃതദേഹം താഴെയിറക്കി വീട്ടിലുണ്ടായിരുന്ന സ്യൂട്ട് കെയ്സിൽ ഒളിപ്പിക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോൾ യുവാവിന്റെ അമ്മയും മൂന്ന് മക്കളും മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.
യുവാവ് പിന്നീട് ബറേലിയിൽ താമസിക്കുന്ന തന്റെ സഹോദരനായ അനിൽ കുമാറിനെ വിളിച്ചു. രാത്രി മുഴുവൻ മൃതദേഹം ഈ സ്യൂട്ട് കെയ്സിൽ തന്നെയായിരുന്നു. രാവിലെയാണ് അനിൽ കുമാർ പൊലീസിനെ വിളിച്ചത്. പൊലീസ് സംഘം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
സവിത ദേവിക്ക് മാനസിക രോഗമുണ്ടായിരുന്നതായും ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന് കുടുംബം പറയുന്നുണ്ടെങ്കിലും മറ്റ് ചില സംശയങ്ങൾ കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സാധ്യത തള്ളിക്കളയാനാവില്ല. മരണ കാരണം വ്യക്തമാവാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു