സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു

എറണാകുളം: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. സൗബിൻ ഷാഹിറിന് പുറമെ പിതാവ് ബാബു ഷാഹിർ സഹനിർമാതാവായ ഷോൺ ആൻ്റണി എന്നിവരും മരട് പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. ജൂലൈ ഏഴിന് മൂവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സൗബിൻ ഉൾപ്പടെയുള്ളവര്‍ മരട് സ്റ്റേഷനിൽ ഹാജരായത്. അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടാനും ഹൈക്കോടതി നിർദേശമുണ്ട്.
മഞ്ഞുമ്മല്‍ ബോയ്‌സ് ചലച്ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസിൻ്റെ ആവശ്യം തള്ളിയാണ് നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആൻ്റണി എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. പ്രതികള്‍ പരാതിക്കാരനില്‍ നിന്ന് വാങ്ങിയ ഏഴ് കോടി രൂപയില്‍ 5.99 കോടി രൂപ തിരിച്ചുനല്‍കിയെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമാണ് പ്രതികള്‍ പണം തിരികെ നല്‍കാന്‍ തയ്യാറായതെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്നതിന് തെളിവുകൾ ഉണ്ടെന്നുമായിരുന്നു മരട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നൽകിയത്.