സാമ്പത്തിക തർക്ക0: മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ച സഹോദരന്മാർ അറസ്റ്റിൽ

കൊല്ലം: സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരന്മാർ പോലീസിന്റെ പിടിയിലായി. മുഖത്തല കുഴിയിൽ ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വടക്കേവിള റഫീക്ക് മൻസിലിൽ അബ്ദുൾ റഹ്‌മാന്റെ മക്കളായ സിദ്ദിഖ്(40), ഷഫീഖ്(45) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. നെടുമ്പനയിൽ വാടകയ്ക്ക് താമസിക്കുന്ന കടപ്പാക്കട പള്ളിമത്ത് വീട്ടിൽ സാബു(50) നെയാണ് ഇവർ കുത്തി പരിക്കേൽപ്പിച്ചത്. സിദ്ദിഖിന്റെ പക്കൽ നിന്നും സാബു വാങ്ങിയ പണം തിരികെ കൊടുക്കാതിരുന്നതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ ഫോണിലൂടെ തർക്കവും വാക്കേറ്റവും നടന്നിരുന്നു. ഇതിനെതുടർന്ന് ശനിയാഴ്ച വൈകിട്ട് 4.15 മണിയോടെ സാബുവിനെ പ്രതികൾ വാടകയ്ക്ക് താമസിച്ച് വരുന്ന ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തുകയും അവിടെവെച്ചു നടന്ന തർക്കത്തിനിടെ സാബുവിനെ പ്രതികൾ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. കൊട്ടിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ സുനിൽ. ജി യുടെ നേതൃത്വത്തിൽ എ.എസ്.ഐ ഫിറോസ് ഘാൻ സി.പി.ഓ മാരായ പ്രവീൺചന്ദ്, ഷഫീഖ്, റഫീഖ്, ശംഭു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.