സാമ്പത്തിക പ്രതിസന്ധി :അന്താരാഷ്ട്ര നാടകോത്സവം KSNA മാറ്റിവെച്ചു
സാഹിത്യോത്സവം, കൊച്ചിബിനാലെ, കേരളീയം തുടങ്ങിയ പ്രധാന സാംസ്‌കാരിക സംരംഭങ്ങളൊന്നും ഈ വര്‍ഷം നടത്താന്‍ സാധ്യതയില്ല
തൃശൂർ :സാംസ്‌കാരികവകുപ്പുമായി ചേര്‍ന്ന് കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ‘ഇറ്റ്‌ഫോക്ക്’ മാറ്റിവെച്ചു. 2025 ഫെബ്രുവരിയില്‍ നടത്താനിരുന്ന ‘ഇറ്റ്ഫോക്ക്’ സങ്കീര്‍ണമായ സാമ്പത്തിക സാഹചര്യത്തില്‍ നീട്ടിവെക്കുകയാണെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അറിയിച്ചു. എന്നാൽ ഇറ്റ്‌ഫോക്ക് എന്നന്നേക്കുമായി അവസാനിച്ചു എന്ന് പറയുന്നത് അവാസ്തവംആണെന്നും അദ്ദേഹം പറഞ്ഞു . അത്തരം പ്രചാരണങ്ങള്‍ ചിലര്‍ വളരെ ആസൂത്രിതമായി് നടത്തുകയാണെന്ന് കരിവെള്ളൂര്‍ മുരളി ആരോപിച്ചു.
” അത്യന്തം സങ്കീര്‍ണ്ണമായ സാമ്പത്തിക സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം നടത്തണമെന്ന് ആഗ്രഹിച്ച ഇറ്റ്‌ഫോക്ക് നീട്ടിവെക്കുവാനാണ് നിര്‍ത്തിവെക്കുവാനല്ല അക്കാദമി നിര്‍വ്വാഹകസമിതിയോഗം തീരുമാനിച്ചത്. സര്‍ക്കാരില്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തിയും കിട്ടാവുന്നത്രയും ഫണ്ട് സമാഹരണം നടത്തിയും അന്താരാഷ്ട്രനാടകോത്സവം 2025 ഡിസംബറിന് മുമ്പ് നടത്തണമെന്നതാണ് അക്കാദമി ലക്ഷ്യം വെക്കുന്നത് . ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ സമീപഭൂതകാലത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട് മുണ്ടക്കൈ മലയിലെ ഉരുള്‍പൊട്ടലും അതുവഴി സംഭവിച്ച ജീവനാശവും വസ്തുനാശവും . ദുരന്തം നടന്ന് നാലുമാസം പിന്നിടുന്നതേയുള്ളു. വളരെ ന്യായമായ കേന്ദ്രസഹായം പോലും ലഭിക്കാത്തതിനാല്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഒന്നുകൂടി രൂക്ഷമായിരിക്കുകയാണ് . അന്താരാഷ്ട്രനാടകോത്സവം ( ഇറ്റ്‌ഫോക്ക് ) പൂര്‍ണ്ണമായും സര്‍ക്കാര്‍ ഫണ്ടിനെ ആശ്രയിച്ചുനടത്തുന്ന സംരംഭമാണ്. 2024 ജൂണ്‍ മാസം മുതല്‍ അക്കാദമി ഇതിന്റെ ഒരുക്കങ്ങളിലും ഫണ്ടിനായുള്ള പരിശ്രമങ്ങളിലുമായിരുന്നു. എന്തുത്യാഗം സഹിച്ചും 2025 ഫെബ്രുവരിയില്‍ ഇറ്റ്‌ഫോക്ക് നടത്തുന്നതിനുവേണ്ടി സെലക്ഷന് മുമ്പ് വരെയുള്ള പ്രാഥമികപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഇറ്റ്‌ഫോക്കിനുള്ള സ്പെഷ്യല്‍ ഫണ്ട് അനുവദിക്കാന്‍ കഴിയാത്തവിധം സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായെന്നുമാത്രമല്ല, ഭരണാനുമതി ലഭിച്ച പദ്ധതി ഫണ്ട് തന്നെ 50% വെട്ടിക്കുറക്കേണ്ട സാഹചര്യവും വന്നുചേര്‍ന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് 2023 ലെ ഇറ്റ്‌ഫോക്ക് ഈ കമ്മിറ്റി ചുമതലയേറ്റ ഉടന്‍ തന്നെ സംഘടിപ്പിച്ചത്. തുടര്‍ന്ന് 2024 ലെ ഇറ്റ്‌ഫോക്കും വിജയകരമായി സംഘടിപ്പിച്ചു. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും, ആറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാന അമേച്വര്‍ നാടകമത്സരം സംഘടിപ്പിക്കുന്നതിന് നാടകങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞു.
അന്താരാഷ്ട്രസാഹിത്യോത്സവം, കൊച്ചിബിനാലെ, കേരളീയം തുടങ്ങിയ പ്രധാന സാംസ്‌കാരിക സംരംഭങ്ങളൊന്നും ഈ വര്‍ഷം നടത്താന്‍ കഴിയാത്തവിധം പ്രകൃതി ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ നാടിനെ വരിഞ്ഞുമുറുക്കുന്നുണ്ടെന്നത് വസ്തുതയാണ്. വസ്തുതകള്‍ ഇങ്ങനെയായിരിക്കേ കിട്ടാവുന്ന എല്ലാ ആയുധങ്ങളും അക്കാദമിക്കും സര്‍ക്കാരിനുമെതിരെ പ്രയോഗിക്കുന്ന ചില നിക്ഷിപ്ത താല്പര്യക്കാരായ ശക്തികള്‍ നടത്തുന്ന പ്രചാരണത്തില്‍ കുടുങ്ങരുത് .കേരളത്തിന്റെ അഭിമാനമായ ഇറ്റ്‌ഫോക്കിന്റെ പ്രതിസന്ധികള്‍ മുറിച്ചുകടന്നുള്ള ശ്രമകരമായ സംഘാടനത്തിനുവേണ്ടി അക്കാദമിക്കൊപ്പം നില്‍ക്കണമെന്ന് മുഴുവന്‍ നാടകപ്രവര്‍ത്തകരോടും ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു “കരിവെള്ളൂർ മുരളി പറഞ്ഞു.