ധനമന്ത്രിമാരുടെ യോഗം ഇന്ന്: കേരളം എയിംസ് ആവശ്യപ്പെടും

0
NIRMALA

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും തമ്മിലുള്ള യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തില്‍ വച്ചാണ് യോഗം. സംസഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലും യോഗത്തില്‍ പങ്കെടുക്കും. കാലാകാലങ്ങളായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് അടക്കമുള്ളവ യോഗത്തില്‍ ധനമന്ത്രി ഉന്നയിക്കും.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ ലഭിക്കാനുള്ളതായാണ് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട തന്നെ 2026 ബജറ്റില്‍ സംസ്ഥാനത്തിന് വേണ്ട പരിഗണന നല്‍കണമെന്ന ആവശ്യവും ധനമന്ത്രി ശക്തമായി ഉന്നയിക്കും.

യോഗത്തില്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ തേടും. ഈ മാസം 28നാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ഒന്‍പതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതോടെ തുടര്‍ച്ചയായി ഒന്‍പത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടവും സ്വന്തമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *