ലോറികളുടെ കാലിത്തൂക്കം ക്രമീകരിച്ച് എഫ്.സി.ഐ ഗോഡൗണുകളിൽ വൻ റേഷൻ വെട്ടിപ്പ്
കരുനാഗപ്പള്ളിയിൽ കൈയോടെ പിടികൂടി
കൊല്ലം: സപ്ലൈകോ ഗോഡൗണുകളിലേക്ക് പോകുന്ന ലോറികളുടെ കാലിത്തൂക്കം കുറച്ച് കാണിച്ച് എഫ്.സി.ഐ ഡിപ്പോകളിൽ വലിയളവിൽ റേഷൻ ഭക്ഷ്യധാന്യം വെട്ടിക്കുന്നു. കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണിൽ നിന്ന് സപ്ലൈക്കോ NFSA ഡിപ്പോയിലേക്ക് കയറ്റിവിട്ട ലോറിയുടെ യഥാർത്ഥ കാലിത്തൂക്കത്തിൽ നിന്ന് 300 കിലോ കുറച്ച് കാണിച്ച്, അത്രയും ഭക്ഷ്യധാന്യം കുറച്ച് കൈമാറിയത് സപ്ലൈകോ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസത്തിൽ കൈയോടെ പിടികൂടിയിരുന്നു.
എഫ്.സിഐ ഗോഡൗണുകളിൽ റേഷൻ ഭക്ഷ്യധാന്യം ഏറ്റെടുക്കാനായി റേഷനിംഗ് ഇൻസ്പെകർമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പക്ഷെ ലോറിയുടെ കാലിത്തൂക്കവും പിന്നീട് ഭക്ഷ്യധാന്യം കയറ്റിയ ശേഷമുള്ള ആകെ തൂക്കവും അളന്ന് ട്രക്ക് ചിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന സ്ഥലത്തേക്ക് റേഷനിംഗ് ഇൻസ്പെക്ടർമാരെ പ്രവേശിപ്പിക്കില്ല. വേ ബ്രിഡ്ജ് വെയിറ്റ് നിരീക്ഷിക്കുന്നതിനുള്ള സെക്കന്റ് ഡിസ്പ്ലേ യൂണിറ്റ് പല FCI ഗോഡൗണുകളിലും ഇല്ല. ഉള്ളത് തന്നെ ലിഫ്റ്റിംഗ് ചുമതലയുള്ള ജീവനക്കാർക്ക് നിരീക്ഷിക്കാൻ കഴിയാത്ത തരത്തിൽ ആണ് സ്ഥാപിച്ചിട്ടുള്ളത്.
പല എഫ്.സി.ഐ കളിലും ഇതു സംബന്ധിച്ച തർക്കമുണ്ടായിട്ടുണ്ടെങ്കിലും എഫ്.സി.ഐ ഉദ്യോഗസ്ഥർ വഴങ്ങാറില്ല. സ്വകാര്യ വേ ബ്രിഡ്ജുകളിൽ സോഫ്റ്റ്വെയർ മുഖേനയാണ് ഭാര സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നത്. എന്നാൽ പല എഫ്.സി.ഐ ഗോഡൗണുകളിലും മാനുവലായാണ് ട്രക്ക് ചിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നത്. എഫ്.സി.ഐ ഡിപ്പോകളിലെ ക്രമക്കേട് കാരണം കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കുന്ന ഭക്ഷ്യധാന്യം വലിയളവിൽ നഷ്ടമാവുകയാണ്.
പഴി മുഴുവൻ സപ്ലൈകോ ഉദ്യോഗസ്ഥർക്ക്
എഫ്.സി.ഐയിൽ നടക്കുന്ന വെട്ടിപ്പ് തിരിച്ചറിയാതെ റേഷൻ കടത്തുകാരെന്ന് ചിത്രീകരിക്കപ്പെട്ട് പഴി മുഴുവൻ ഏറ്റുവാങ്ങേണ്ടി വരുന്നത് സപ്ലൈകോ ജീവനക്കാരാണ്. വാഹനങ്ങളുടെ കാലിത്തൂക്കം കുറച്ച് രേഖപ്പെടുത്തി ഓരോ ലോഡിലും 50 മുതൽ 350 കിലോ വരെ ഭക്ഷ്യധാന്യമാണ് എഫ്.സി.ഐ ഡിപ്പോകളിൽ വെട്ടിക്കുന്നത്. ഓരോമാസവും 60 മുതൽ 100 വരെ ലോഡുകൾ ആണ് എഫ്.സി.ഐ ഡിപ്പോകളിൽ നിന്നും സപ്ലൈകൈ ഗോഡൗണുകളിലേക്ക് റേഷൻ കടകൾക്ക് കൈമാറാനായി എത്തിക്കുന്നത്.
വെട്ടിപ്പ് തിരിച്ചറിയാതെ സപ്ലൈകോ ഉദ്യോഗസ്ഥർ എഫ്.സി.ഐയിൽ നിന്നുള്ള ട്രക്ക് ചിറ്റ് റിപ്പോർട്ട് പ്രകാരം സ്റ്റോക്ക് സ്വീകരിക്കും . പിന്നീട് പൊതുവിതരണ വകുപ്പ്, സപ്ലൈകോ അധികൃതർ പരിശോധന നടത്തുമ്പോൾ സ്റ്റോക്കിൽ വൻ കുറവ് കണ്ടെത്തും. ഇതോടെ റേഷൻ കടത്തിയെന്ന കുറ്റം സപ്ലൈകോ ഗോഡൗണിലെ ഉദ്യോഗസ്ഥരുടെ തലയിൽ ചുമത്തപ്പെടും.
കുറവ് കാണുന്ന ഓരോ കിലോ ഭക്ഷ്യ ധാന്യത്തിനും 40 രൂപ വീതമാണ് ജീവനക്കാരന്റെ ബാധ്യത.