മകളുടെ അന്തസ്സിനു വേണ്ടിയുള്ള അച്ഛന്റെ പോരാട്ടം:കൺസഷൻ സർട്ടിഫിക്കറ്റുകളിൽ മാറ്റവുമായി ഇന്ത്യന്‍ റെയിൽവെ

0
railway

ന്യൂഡൽഹി: മാനസിക വൈകല്യമുള്ള തൻ്റെ മകൾക്ക് വേണ്ടി ഒരു പിതാവ് നടത്തിയത് അഞ്ചര വർഷം നീണ്ട നിയമ പോരാട്ടം. കോടതി വിധി വന്നതോട ഒരു സമൂഹത്തിന് തന്നെ അത് ആശ്വാസകരമായി. ഉജ്ജയിനിനടുത്തുള്ള നാഗ്‌ഡയിൽ നിന്നുമുള്ള അഭിഭാഷകനായ പങ്കജ് മാരുവാണ് പുതിയ മാറ്റത്തിന് വഴിയൊരുക്കിയത്. മാനസിക വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നയാളാണ് പങ്കജ് മാരു.

65 ശതമാനം മാനസിക വൈകല്യമുള്ള തൻ്റെ മകൾക്ക് റെയില്‍വേ നൽകിയ കൺസെഷൻ സർട്ടിഫിക്കറ്റിൽ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗത്തിനെതിരെ ആയിരുന്നു അദ്ദേഹത്തിൻ്റെ നിയമ പോരാട്ടം. കണ്‍സെഷൻ സര്‍ട്ടിഫിക്കറ്റിലെ “ബുദ്ധിമാന്ദ്യം” (“Mansik Roop Sey Vikrit” )എന്ന പ്രയോഗം ഒരച്ഛനെന്ന നിലയില്‍ പങ്കജ് മാരുവിന് അംഗീകരിക്കാൻ കഴിഞ്ഞില്ല.

ഈ പദപ്രയോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നിയമപോരാട്ടം തുടങ്ങി. എന്നാല്‍, ആദ്യമൊന്നും മാറ്റത്തെക്കുറിച്ച് റെയിൽവേ അധികൃതരിൽ നിന്ന് പ്രതികരണം ലഭിച്ചിരുന്നില്ല. പക്ഷെ തൻ്റെ ആവശ്യം പരിഗണിക്കുന്നതു വരെ മുന്നോട്ടു പോകുമെന്ന് പങ്കജ് മാരു ദൃഢനിശ്ചയം ചെയ്‌തു. വിഷയത്തില്‍ അദ്ദേഹം നല്‍കിയ പരാതിക്ക് പിന്നാലെ ചീഫ് കമ്മിഷണർ ഫോർ പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് (സിസിപിഡി) കോടതിയായിരുന്നു വാദം കേട്ടത്.

കേസ് പരിഗണിച്ച കോടതി “ബുദ്ധിമാന്ദ്യം” എന്ന പദപ്രയോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി തീര്‍പ്പാക്കുകയും അഞ്ചര വര്‍ഷത്തെ ഒരച്ഛൻ്റെ പോരാട്ടത്തിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്‌തു. വളരെ കാലം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിൽ റെയിൽവെ ബോർഡിന് സിസിപിഡി നിർദേശങ്ങൾ നൽകി. ഇതോടെ, റെയിൽവേ കൺസഷൻ സർട്ടിഫിക്കറ്റുകളിൽ “ബുദ്ധിമാന്ദ്യം” എന്ന വാക്ക് “ബുദ്ധിപരമായ വൈകല്യം” എന്ന് മാറ്റിസ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ നിർബന്ധിതമായി.

വികലാംഗരുടെ അന്തസ്സ് ഉറപ്പാക്കുന്നതിൽ ഭാഷയുടെ പ്രാധാന്യം സിസിപിഡി ഊന്നിപ്പറഞ്ഞു. “അന്ധൻ”, “ബധിരനും മൂകനും”, “ശാരീരിക വെല്ലുവിളി നേരിടുന്നവർ” തുടങ്ങിയ വാക്കുകൾക്ക് പകരം ആർപിഡബ്ല്യുഡി നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പദങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് റെയിൽവേ ബോർഡ് 2018 ൽ തന്നെ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സമാനമായ തിരുത്തലുകൾ വരുത്തേണ്ടതുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനും നിലവിലുള്ള പ്രയോഗങ്ങൾ ഭാവിയിൽ ഒരു സർട്ടിഫിക്കേഷനും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും റെയിൽവേകൾ നിലവിലുള്ള ഫോമുകളും മറ്റ് എല്ലാ രേഖകളും അവലോകനം ചെയ്യണമെന്ന് ശുപാർശ ചെയ്തു.

“വികലാംഗ” പോലുള്ള കാലഹരണപ്പെട്ടതും അപമാനകരവുമായ പദങ്ങൾ ഇപ്പോഴും പ്രിന്റ് ചെയ്ത കൺസെഷൻ സർട്ടിഫിക്കറ്റ് ഫോർമാറ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് മാരു തന്റെ പരാതിയിൽ ഉന്നയിച്ച ആശങ്ക സിസിപിഡി ചൂണ്ടിക്കാട്ടി. വൈകല്യ പദാവലിയെക്കുറിച്ചുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് ഇത് വിരുദ്ധമാണ്. മൂന്ന് മാസത്തിനുള്ളിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് സമർപ്പിക്കാനും വൈകല്യങ്ങളുടെ തരങ്ങളെയും ഉപവിഭാഗങ്ങളെയും കുറിച്ച് തങ്ങളുടെ ജീവനക്കാരെ ബോധവൽക്കരിക്കാനും സിസിപിഡി റെയിൽവേയോട് ആവശ്യപ്പെട്ടു.

 

 
Spread the love

Leave a Reply

Your email address will not be published. Required fields are marked *