രണ്ട് വയസുള്ള ഇരട്ട പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്
ബുൽധാന : മഹാരാഷ്ട്രയിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് രണ്ട് വയസുള്ള ഇരട്ട പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്. ഇതിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സംഭവം മഹാരാഷ്ട്രയിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. വാസീം ജില്ലയിലെ താമസക്കാരനായ രാഹുൽ ചവാൻ ആണ് അറസ്റ്റിലായത്. ഭാര്യക്കും രണ്ട് പെൺമക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് രാഹുൽ ചവാനും ഭാര്യയും തമ്മിൽ രൂക്ഷമായ വഴക്കുണ്ടായത്. വഴക്കിനിടെ ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. തുടർന്ന് ചവാൻ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടർന്നു.
കോപത്താൽ നിയന്ത്രണം നഷ്ടപ്പെട്ട ചവാൻ, ബുൽധാന ജില്ലയിലെ അഞ്ചാർവാഡിയിലെ വനമേഖലയിലേക്ക് ഇരട്ടക്കുഞ്ഞുങ്ങളെ കൊണ്ടുപോവുകയും അവിടെവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ചവാൻ നേരെ വാസീം പൊലീസ് സ്റ്റേഷനിലേക്ക് വാഹനമോടിച്ച് പോയി കുറ്റം സമ്മതിച്ച് കീഴടങ്ങി. ഇയാളുടെ മൊഴിയെ തുടർന്ന് പൊലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിക്കുകയും കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു.
കുട്ടികളുടെ മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൊലപാതകത്തിന് ശേഷംതെളിവുകൾ നശിപ്പിക്കാൻ ചവാൻ മൃതദേഹം തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചോ എന്ന സംശയത്തിലാണ് പൊലീസ്. എങ്കിലും, ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പൊലീസ് നൽകിയിട്ടില്ല.
മരണത്തിൻറെ യഥാർത്ഥ കാരണം കണ്ടെത്താനും കൊലപാതകത്തിന് ശേഷമാണോ മൃതദേഹം കത്തിച്ചതെന്നും ഉറപ്പാക്കാനും ഫോറൻസിക് പരിശോധനയും പോസ്റ്റ്‌മോർട്ടവും നടന്നുവരികയാണ്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് മനീഷ് കദം ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പൊലീസ് സംഭവസ്ഥലം പരിശോധിച്ച് രേഖപ്പെടുത്തുകയും ഫോറൻസിക് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
