കർഷക സമരം : ശംഭു അതിർത്തിയിൽ കർഷകൻ ആത്മഹത്യചെയ്‌തു
ചണ്ഡീഗഡ്: ശംഭു അതിർത്തിയിൽ വ്യാഴാഴ്ച നടക്കുന്ന പ്രക്ഷോഭത്തിനിടെ കർഷകൻ ആത്മഹത്യ ചെയ്തു.
പാട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷാം സിംഗ് എന്ന കർഷകനാണ് വിഷപദാർത്ഥം കഴിച്ചതിനെ തുടർന്ന് മരണപ്പെട്ടത് . തരൺ ജില്ലയിലെ പഹുവിന്ദ് നിവാസിയായിരുന്നു സിംഗ്. ശംഭു, ഖനൗരി അതിർത്തികളിൽ 11 മാസമായി പ്രക്ഷോഭം നടന്നിട്ടും കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാത്തതിൽ സിംഗ് സർക്കാരിനോട് രോഷാകുലനായിരുന്നുവെന്ന് കർഷക നേതാക്കൾ
മാധ്യമങ്ങളോട് പറഞ്ഞു.റിപ്പോർട്ടുകൾ പ്രകാരം, രാവിലെ പ്രക്ഷോഭ സ്ഥലത്തെ ലംഗറിന് സമീപം സിംഗ് കീടനാശിനി കഴിച്ചു. മറ്റ് കർഷകർ ഇക്കാര്യം അറിഞ്ഞയുടൻ സംഭവസ്ഥലത്ത് വെച്ച് പ്രഥമശുശ്രൂഷ നൽകി. തുടർന്ന് സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ ഡിസംബർ 14ന് മറ്റൊരു കർഷകനായ രഞ്ജോദ് സിംഗും രാസവസ്‌തു വിഴുങ്ങിയിരുന്നു. ഡൽഹിയിലേക്ക് പോകാൻ അനുവദിക്കാത്തതിൽ ക്ഷുഭിതനായ അദ്ദേഹം നാല് ദിവസത്തിന് ശേഷം പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ വച്ച് മരിച്ചു.
അതേസമയം, ഖനൗരി അതിർത്തിയിൽ നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. ദല്ലേവാളിൻ്റെ മരണം വരെയുള്ള നിരാഹാരം വ്യാഴാഴ്ച
45-ാം ദിവസത്തിലേക്ക് കടന്നു. അദ്ദേഹത്തിൻ്റെ രക്തസമ്മർദ്ദം (ബിപി) തുടർച്ചയായി കുറയുന്നു. ദല്ലേവാളിൻ്റെ മെഡിക്കൽ ബുള്ളറ്റിൻ ബുധനാഴ്ച പുറത്തിറക്കിയ ഡോക്ടർമാർ, ദല്ലവാളിന്റെ അവസ്ഥ വളരെ
മോശമാണെന്നറിയിച്ചിരുന്നു.