ഡൽഹിയിലേക്കുള്ള കർഷക മാർച്ച് : പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
ന്യുഡൽഹി : ‘ദില്ലി ചലോ’ പ്രക്ഷോഭം നിർത്തി രണ്ട് ദിവസത്തിന് ശേഷം, പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് കടക്കാനുള്ള ശ്രമത്തിൽ ,കർഷകർ പ്രതിഷേധം പുനരാരംഭിച്ചു.
101 കർഷകരുടെ സംഘമാണ് ഇന്ന് ഡൽഹിയിലേക്കുള്ള മാർച്ച് പുനരാരംഭിക്കാൻ ശ്രമം നടത്തിയത്. അതിർത്തിയ്ക്ക് ഏതാനും മീറ്ററുകൾ മാത്രം അകലെ ഹരിയാന പോലീസ് തർഷകരുടെ മാർച്ച് തടഞ്ഞു. ഇത് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
പലരും കണ്ണീർ വാതക ഷെല്ലിംഗ് സമയത്ത് ഉപയോഗപ്രദമാകുന്ന മുഖംമൂടികളും കണ്ണടകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു. കർഷക സംഘടനകളായ സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയുടെയും പിന്തുണയോടെയാണ് പ്രതിഷേധസമരം നടന്നത് .
മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും കർഷകരുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നമാണ് ഇവരുടെ ആവശ്യം.
പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിന് ആവശ്യമായ അനുമതി നൽകണമെന്ന് ഹരിയാന പോലീസ് കർഷകരോട് ആവശ്യപ്പെട്ടു. ഇതോടെ ശംഭുവിൽ കർഷകരും പോലീസും വാക്കുതർക്കമുണ്ടായി.
“പൊലീസ് ഐഡൻ്റിറ്റി കാർഡ് ചോദിക്കുന്നു, പക്ഷേ അവർ ഞങ്ങളെ ദില്ലിയിലേക്ക് പോകാൻ അനുവദിക്കുമെന്ന് അവർ ഉറപ്പ് നൽകണം. അവർ ദില്ലിയിലേക്ക് പോകാൻ അനുമതിയില്ലെന്ന് പറയുന്നു. പിന്നെ എന്തിന് തിരിച്ചറിയൽ കാർഡ് നൽകണം. അവർ ഞങ്ങളെ ഡൽഹിയിലേക്ക് പോകാൻ അനുവദിച്ചാൽ ഞങ്ങൾ അവർക്ക് തിരിച്ചറിയൽ കാർഡ് നൽകും.” പ്രതിഷേധിക്കുന്ന ഒരു കർഷകർ ചോദിച്ചു.
അതേസമയം, കർഷകരുടെ സംഘമായിട്ടല്ല, ആൾക്കൂട്ടമായാണ് കർഷകർ നീങ്ങുന്നതെന്ന് പോലീസ് ആരോപിച്ചു.. തിരിച്ചറിയൽകാർഡ് നോക്കിയിട്ട് മാത്രമേ കർഷകരെ മുന്നോട്ട് പോകാൻ അനുവദിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.
“ഞങ്ങൾ ആദ്യം അവരുടെ ഐഡൻ്റിറ്റി പരിശോധിച്ച് മുന്നോട്ട് പോകാൻ അനുവദിക്കും. 101 കർഷകരുടെ ലിസ്റ്റ് ഞങ്ങളുടെ പക്കലുണ്ട്, എന്നാൽ ഇവർ ആ ആളുകളല്ല അവർ അവരുടെ ഐഡൻ്റിറ്റി പരിശോധിക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല. സംഘം ചേർന്ന് മുന്നോട്ട് പോകുന്നു.” പോലീസ് പറഞ്ഞു.
എന്നാൽ, ഒരു ലിസ്റ്റും പോലീസിന് നൽകിയിട്ടില്ലെന്ന് പറഞ്ഞ കർഷകർ ഈ വാദം നിഷേധിച്ചു.
ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള കർഷകരുടെ പുതിയ ശ്രമം കണക്കിലെടുത്ത് പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. അവരുടെ മുന്നേറ്റം തടയാനായി ബാരിക്കേഡുകൾ സ്ഥാപിച്ചിരു്നനു. അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് തടയുന്ന സെക്ഷൻ 163 (മുമ്പ് സെക്ഷൻ 144) പ്രകാരമുള്ള നിരോധന ഉത്തരവുകളും അതിർത്തിയിൽ നിലവിലുണ്ട്.