ഭാവഗായകന് വിട !

0

പ്രേംകുമാർ മുംബൈ (ഗായകൻ ,സംഗീത സംവിധായകൻ ,നടൻ )

” ജയേട്ടൻറെയും ദാസേട്ടൻ്റെയും കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നത് മാത്രമല്ല അവരുടെ സംഗീതത്തെ
ഒരു ദിനചര്യപോലെ ആസ്വദിച്ചു വളരുകയും അവരെ അടുത്തറിയാനുംപിന്നീട് അവരെക്കൊണ്ടു പാടിക്കാനും കഴിഞ്ഞു എന്നത് ഒരു ജീവിത സൗഭാഗ്യമായികരുതുന്ന ഒരു സംഗീത സഞ്ചാരിയാണ് ഞാൻ. അതുകൊണ്ടു തന്നെ സംഗീതലോകത്തുണ്ടാകുന്ന ഓരോ വേർപാടുകളും എനിക്ക് നൽകുന്നത് കടുത്ത വേദനയാണ്.സംഗീത ലോകത്തിനു കനത്ത നഷ്ടങ്ങളും !
മലയാളത്തിൻ്റെ ഭാവഗായകൻ്റെ വേർപാട് വ്യക്തിപരമായി എനിക്ക് നൽകുന്നത് വലിയ വേദനയാണ് .ആകസ്മികമായി വരുന്ന നമുക്ക് പ്രിയപ്പെട്ടവരുടെ വിയോഗ വാർത്തകൾ അമ്പരപ്പിക്കുക മാത്രമല്ല നമ്മുടെ സപ്ത നാഡികളെയും അൽപ്പസമയം സ്‌തംഭിപ്പിച്ചു കളയും ..അതുപോലൊരു അനുഭവമായിരുന്നു ജയേട്ടന്റെ മരണവാർത്ത അറിഞ്ഞപ്പോഴും എനിക്കുണ്ടായത് .
ജയേട്ടനെ ഞാൻ അടുത്തറിയുന്നതും പരിചയപ്പെടുന്നതും മുപ്പത് വർഷങ്ങൾക്കു മുമ്പാണ് .അന്തരിച്ച പ്രമുഖ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി എഴുതി ഞാൻ സംഗീതം നൽകിയ എട്ടോളം ഗാനങ്ങൾ റെക്കോർഡ് ചെയ്യാൻ മദ്രാസിലെത്തിയപ്പോൾ .ഗിരീഷേട്ടൻ പറഞ്ഞു നമുക്കിതിലെ മൂന്നാലു ഗാനങ്ങൾ ജയേട്ടനെ കൊണ്ട്
പാടിക്കാം എന്ന്. അങ്ങനെ ആ സ്റ്റുഡിയോവിൽ തുടങ്ങിയതാണ് സൗഹൃദം . അന്നദ്ദേഹം എന്നോട് പറഞ്ഞു “ഇതിലെ ഒരു പാട്ട് എന്റെ മകനെ കൊണ്ട് പാടിക്കണം” എന്ന് അങ്ങനെ ‘ജ്യോതിർമയൻ ‘ എന്ന ആ ആൽബത്തിലെ ഒരു ഗാനം പാടിയത് ജയേട്ടന്റെ മകൻ ദീനനാഥ് ആണ് . റെക്കോർഡിംഗ് സ്റ്റുഡിയോവിൽ വെച്ച് ദീനാനാഥ് ആദ്യമായി പാടുന്ന ഗാനവും അതാണ്.
പിന്നീട് ‘ലോകാ സമസ്താ ‘ എന്ന സിനിമയ്ക്കുവേണ്ടി യൂസഫലി കേച്ചേരി സാർ എഴുതി ഞാൻ സംഗീതം നൽകിയ ഗാനങ്ങളും പാടിയത് ജയേട്ടനാണ്.
കുറച്ചു വർഷങ്ങൾക്കു മുന്നേ വാശിയിൽ ഒരു സംഗീത പരിപാടിയിലേക്ക് വരുമ്പോൾ അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു “പ്രേം, മെഹ്ദി ഹസന്റെയും ഗുലാംഅലി സാറിന്റെയും ഗസലുകളുള്ള ഒരു ആൽബം സംഘടിപ്പിച്ചു തരണം” എന്ന് . നൂറോളം ഗസലുകളുള്ള ആൽബം അദ്ദേഹത്തിന് ഞാൻ സമ്മാനിച്ചു ” ഈ ഗസലുകളൊക്കെ കേട്ട് ഞാനിതൊരു അമൂല്യ നിധിപോലെ സൂക്ഷിക്കും .നന്ദി “എന്ന് പറഞ്ഞാണ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയത് . ഗസലുകളെയും പഴയ ഹിന്ദി മെലഡീസോക്കെ ജയേട്ടൻ്റെ ഒരു വീക്‌നെസ്സ് ആയിരുന്നു. അവസാനമായി അദ്ദേഹത്തെ കാണുന്നത് ഏതാനും മാസങ്ങൾക്ക് മുന്നെയാണ് .ഒരു ഭക്തിഗാന ആൽബത്തിന് വേണ്ടി രണ്ടു പാട്ടുകൾ പാടിക്കാനുള്ള ഭാഗ്യം വീണ്ടുമുണ്ടായി .ഒരു ഗാനം ഗുരുവായൂരപ്പനെകുറിച്ചും മറ്റൊന്ന് ആറാട്ടുപുഴ ക്ഷേത്രത്തെപറ്റിയുമുള്ളതായിരുന്നു . അതിൽ ഗുരുവായൂരപ്പനെ പറ്റിയുള്ള ഗാനം പാടികഴിഞ്ഞപ്പോൾ അദ്ദേഹം കരയുകയായിരുന്നു.” പ്രാരാബ്ധം കൊണ്ട് തുലാഭാരം നേരുന്ന പഴയൊരു മനസ്സാണ് ഞാൻ ” എന്ന അതിലെ വരികൾ എഴുതിയത് എന്റെ സുഹൃത്ത് കൂടിയായ രവീന്ദ്രൻ അങ്ങാടിപ്പുറം ആണ്. വരികളുടെ അർത്ഥവും ആത്മാവും അറിഞ്ഞു പാടുന്ന ജയേട്ടൻ
ഏറ്റവും ഹൃദയസ്പർശിയയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത് .ആ ആൽബം റിലീസ് ആയിട്ടില്ല.
എന്തും മനസ്സ് തുറന്നുപറയുന്ന, ലളിത ജീവിതം നയിച്ചിരുന്ന, സംഗീതത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന
സ്വന്തം സഹോദരനെപോലെഎന്നോട് സംസാരിച്ചിരുന്ന ഒരാളെ ആണ് നഷ്ട്ടപെട്ടിരിക്കുന്നത് .
എങ്കിലും അദ്ദേഹം പാടിയ അനശ്വര ഗാനങ്ങളിലൂടെ മരണമില്ലാത്ത ജയേട്ടൻ ജീവിക്കും ..ആസ്വാദക ഹൃദയങ്ങളിലെന്നും …
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക്‌ ചേരുന്നതിനോടൊപ്പം ആത്മാവിന് നിത്യശാന്തി നേരുന്നു…”

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *