തലസ്ഥാനത്തോട് വിട: വിലാപയാത്ര തുടങ്ങി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ചു. ദർബാർ ഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു. വിഎസിനെ അവസാനമായി കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് സെക്രട്ടേറിയറ്റിലേക്ക് ഒഴുകിയെത്തിയത്. മണിക്കൂറുകളോളം വരി നിന്നാണ് പലരും വിഎസിനെ അവസാനമായി ഒരു നോക്ക് കണ്ടത്.
തിരുവനന്തപുരം ജില്ലയിൽ 27 ഇടങ്ങളിലും കൊല്ലം ജില്ലയിൽ 17 ഇടങ്ങളിലുമായി പൊതുദർശനമുണ്ടാകും. രാത്രിയോടെ വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് എത്തിച്ചേരുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. രാത്രി 9 മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. വിഎസിൻ്റെ ഭൗതിക ദേഹം വഹിച്ചുക്കൊണ്ടുള്ള ബസിൽ സിപിഎമ്മിൻ്റെ പ്രമുഖ നേതാക്കൾ ഒപ്പമുണ്ട്. നാളെ രാവിലെ 9 മുതൽ സിപിഎം ജില്ല കമ്മിറ്റി ഓഫിസിലും 10 മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.