എഡിഎം നവീൻ ബാബുവിന് വിട നൽകാൻ നാട്; കലക്ടറേറ്റിൽ പൊതുദർശനം ആരംഭിച്ചു
പത്തനംതിട്ട∙ അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകാൻ ജന്മനാട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചു. 11.30 വരെയാണ് കലക്ടറേറ്റിലെ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്കാരം.
. ‘ദിവ്യയുടെ പരാമർശം സദുദ്ദേശ്യത്തോടെ’
എഡിഎം നവീൻ ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വിമർശിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ
. നവീൻ ബാബു സിപിഎം ഭീകരതയുടെ ഇര : എം.ടി.രമേശ്
സിപിഎം ഭീകരതയുടെ ഇരയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ഉദ്യോഗസ്ഥരാകെ സിപിഎം പ്രവർത്തകരുടെ അടിമകളായിരിക്കണമെന്ന ധാർഷ്ട്യത്തിന് വഴങ്ങാതിരുന്നതാണ് നവീൻ ബാബു ചെയ്ത കുറ്റം. ആ ഉദ്യോഗസ്ഥനെ പി.പി ദിവ്യ കൊലപ്പെടുത്തുകയായിരുന്നുവെന്നും രമേശ് പറഞ്ഞു. ദിവ്യ തോജോവധം ചെയ്ത ഉദ്യോഗസ്ഥന്റെ ആത്മഹത്യയുടെ പൂർണ ഉത്തരവാദിത്തം അവർക്കു മാത്രമാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു തുടരാൻ ദിവ്യക്ക് അർഹതയില്ല. സിപിഎം അവരുടെ രാജിആവശ്യപ്പെടണം. ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കാൻ പൊലീസ് തയാറാവണം. പൊലീസ് തെളിവു നശിപ്പിയ്ക്കാൻ കൂട്ടുനിൽക്കുകയാണെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കണം. കുറ്റമറ്റ അന്വേഷണം ഇക്കാര്യത്തിൽ ഉറപ്പുവരുത്താൻ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഉൾപ്പെടെ സുതാര്യമാക്കാൻ നടപടിയുണ്ടാകണമെന്നും എം.ടി.രമേശ് പറഞ്ഞു.
. വിഷയം നിയമസഭയിലും
എഡിഎം നവീൻ ബാബുവിന്റെ മരണം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിഷയമുന്നയിച്ചത്. സ്പീക്കർ ഇടപെട്ടതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിൽ ഇറങ്ങി.
. വിശദീകരണം തേടി സംസ്ഥാന നേതൃത്വം
നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിവരം തേടി.കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫിസിനു മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധത്തിൽ സംഘർഷം. പൊലീസുമായി ഉന്തും തള്ളും.
. സന്ദേശം പുറത്ത്
കണ്ണൂരിൽനിന്ന് പത്തനംതിട്ടയിലേക്കുള്ള തന്റെ സ്ഥലംമാറ്റം ഇടതുസംഘടന ഇടപെട്ട് തടഞ്ഞുവെന്ന എഡിഎം നവീൻ ബാബുവിന്റെ സന്ദേശം പുറത്തായി. സുഹൃത്ത് ഹരിഗോപാലിന് അയച്ചതാണ് സന്ദേശം. എഡിഎം നന്നായി ജോലിചെയ്യുന്നുണ്ടെന്നും മാറ്റരുതെന്നും എൻജിഒ യൂണിയൻ റവന്യൂമന്ത്രിയോട് ആവശ്യപ്പെട്ടെന്നാണ് നവീൻ സുഹൃത്തിനോട് പറഞ്ഞത്.നവീൻ ബാബുവിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മൃതദേഹം വൈകിട്ട് ബന്ധുക്കൾക്ക് വിട്ടുനൽകും. കണ്ണൂർ കലക്ടറേറ്റ് വളപ്പിലും ജീവനക്കാരുടെ കൂറ്റൻ പ്രതിഷേധം. ജനപ്രതിനിധികൾ പക്വത കാണിക്കണമെന്ന് റവന്യൂമന്ത്രി കെ. രാജൻ.സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനെടുത്തതെന്നാണ് ആരോപണം.