‘വിടപറയുകയാണെൻ ജന്മം…’: അവസാന വിഡിയോയിൽ മരണസൂചന നൽകി ദമ്പതികൾ
പാറശാല∙ ‘വിടപറയുകയാണെൻ ജന്മം, ചുടുകണ്ണീർ കടലലയിൽ..’ പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജും (45), ഭാര്യ പ്രിയയും (40) മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിലെ പാട്ടാണിത്. മരിക്കാൻ തയാറെടുക്കുകയാണെന്ന് സൂചനയുള്ള വരികൾ. ഗാനത്തിനുതാഴെ ഇരുവരുടെയും സുഹൃത്തുക്കളുടെ വേദന പങ്കുവയ്ക്കുന്ന നിരവധി കമന്റുകൾ നിറഞ്ഞു. മരണം പരിചയക്കാർക്ക് ഉൾകൊള്ളാനായിട്ടില്ലെന്ന് കമന്റുകൾ സൂചിപ്പിക്കുന്നു. സെൽവരാജിനെ തൂങ്ങിയനിലയിലും ഭാര്യയെ കട്ടിലിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
ദമ്പതികൾ യുട്യൂബിൽ സജീവമായിരുന്നു. യുട്യൂബ് ചാനലിന് 17000ൽ അധികം ഫോളേവേഴ്സുണ്ട്. വീട്ടിലെ വിശേഷങ്ങളാണ് ചെറിയ വിഡിയോകളായി അപ്‌ലോഡ് ചെയ്തിരുന്നത്. പാചക വിഡിയോകളും ചെയ്തിരുന്നു. 25നാണ് അവസാന വിഡിയോ അപ്‌ലോഡ് ചെയ്തത്. ഇരുവർക്കും പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിയില്ല. ആത്മഹത്യയെന്നാണ് പാറശാല പൊലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിലുകൾ തുറന്ന നിലയിലായിരുന്നു.